01.01.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങള് ജ്ഞാനം വര്ഷിച്ച് ഹരിതാഭമാക്കുന്നവരാണ്, നിങ്ങള്ക്ക് ധാരണ ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം.

ചോദ്യം :-
മഴ പെയ്യിക്കാത്ത മേഘങ്ങള്ക്ക് എന്തു പേരാണ് നല്കേണ്ടത്?

ഉത്തരം :-
അവരാണ് മടിയരായ മേഘങ്ങള്. മിടുക്കരായ മേഘങ്ങള് മഴ പെയ്യിച്ചുകൊണ്ടിരിക്കും. അഥവാ ധാരണയുണ്ടെങ്കില് പെയ്യിക്കാതിരിക്കുവാന് സാധിക്കില്ല. ആരാണോ ധാരണ ചെയ്ത് മറ്റുളളവരെക്കൊണ്ട് ചെയ്യിക്കാത്തത് അവരുടെ വയറ് ഒട്ടിയതായിരിക്കും, അവര് ദരിദ്രരാണ്. അവര് പ്രജയിലേക്ക് പോകുന്നവരാണ്.

ചോദ്യം :-
ഓര്മ്മയുടെ യാത്രയിലുളള മുഖ്യമായ പ്രയത്നം ഏതാണ്?

ഉത്തരം :-
സ്വയം ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ബിന്ദു രൂപത്തില് ഓര്മ്മിക്കുക. ബാബ എന്താണോ എങ്ങനെയാണോ അതേ സ്വരൂപത്തില് യഥാര്ത്ഥ രീതിയില് ഓര്മ്മിക്കുക, ഇതില് തന്നെയാണ് പ്രയത്നം.

ഗീതം :-
ആരാണോ അച്ഛന്റെ കൂടെ അവര്ക്കാണ് ജ്ഞാനമഴ.............

ഓംശാന്തി.  
സാഗരത്തിന്റെ മുകളിലാണ് മേഘങ്ങള് നില്ക്കുന്നത്, എങ്കില് മേഘങ്ങളുടെ അച്ഛന് സാഗരനാണ്. സാഗരത്തിനോടൊപ്പമുള്ള മേഘങ്ങള്ക്ക് വേണ്ടിത്തന്നെയാണ് മഴ. മറ്റുളള മേഘങ്ങളും വെളളം നിറച്ച് പിന്നീട് പെയ്യിക്കുന്നു. നിങ്ങളും ബാബയാകുന്ന സാഗരത്തിന്റെ അടുത്തേക്ക് വരുന്നത് നിറയ്ക്കുന്നതിനായാണ്. സാഗരന്റെ മക്കള് തന്നെയാണ് മേഘങ്ങള്, അവര് മധുരമായ വെളളം സാഗരത്തില് നിന്നും വലിച്ചെടുക്കുന്നു. മേഘങ്ങളും അനേകപ്രകാരത്തിലുണ്ട്. ചില മേഘങ്ങള് വളരെ ശക്തമായിത്തന്നെ മഴ പെയ്യിക്കുന്നു. വെളളപ്പൊക്കം ഉണ്ടാക്കുന്നു, ചിലര് കുറച്ചുമാത്രമേ മഴപെയ്യിക്കൂ. നിങ്ങളിലും ഇതുപോലെ നമ്പര്വൈസാണ് നല്ല രീതിയില് മഴ പെയ്യിക്കുന്നവരുടെ പേരാണ് പ്രശസ്തമാവുക. ധാരാളം മഴ പെയ്യുമ്പോള് മനുഷ്യര് സന്തോഷിക്കാറുണ്ട്. ഇവിടെയും അങ്ങനെത്തന്നെയാണ്. നല്ല രീതിയില് മഴ പെയ്യിക്കുന്നവരുടെ മഹിമയാണുണ്ടാകുന്നത്. ആരാണോ മഴ പെയ്യിക്കാത്തത് അവരുടെ മനസ്സ് അലസമായിരിക്കും, വയറു നിറയുകയില്ല. പൂര്ണ്ണ രീതിയില് ധാരണയുണ്ടാകാത്തതു കാരണം വയറ് ഒട്ടിയിരിക്കുന്നു. ക്ഷാമമുണ്ടാകുമ്പോള് മനുഷ്യരുടെ ഉദരം ഒട്ടിപ്പോകുന്നു അതായത് കാലിയാകുന്നു. ഇവിടെയും അതുപോലെത്തന്നെ സ്വയം ധാരണ ചെയ്ത് ചെയ്യിപ്പിച്ചില്ലെങ്കില് ബുദ്ധി ശൂന്യമാകുന്നു. വളരെ നല്ലരീതിയില് മഴ പെയ്യിക്കുന്നവര് രാജാ-റാണിയായിത്തീരുന്നു മറ്റുളളവര്ക്ക് സാധാരണ പദവിയും ലഭിക്കുന്നു. ദരിദ്രരുടെ വയറ് ഒട്ടിയിരിക്കുന്നു. അപ്പോള് കുട്ടികള്ക്ക് വളരെയധികം നല്ല രീതിയില് ധാരണയുണ്ടായിരിക്കണം. ഇതിലും ആത്മാവിന്റെയും പരമാത്മാവിന്റെയും ജ്ഞാനം വളരെയധികം സഹജമാണ്. നിങ്ങള് ഇപ്പോള് മനസ്സിലാക്കുന്നു നമ്മളില് ആത്മാ പരമാത്മാ ജ്ഞാനം ആദ്യം ഉണ്ടായിരുന്നില്ല. അപ്പോള് വയറ് ഒട്ടിയതിനു സമാനമല്ലേ. മുഖ്യമായും ആത്മാവിന്റെയും പരമാത്മാവിന്റെയും കാര്യമാണ്. മനുഷ്യര്ക്ക് ആത്മാവിനെക്കുറിച്ചു തന്നെ അറിയുന്നില്ല എങ്കില് പിന്നെ പരമാത്മാവിനെക്കുറിച്ച് എന്ത് അറിയാനാണ്. എത്ര വലിയ വലിയ വിദ്വാന്മാരും പണ്ഡിതന്മാരുമുണ്ട് ആര്ക്കും തന്നെ ആത്മ ജ്ഞാനമില്ല. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി ആത്മാവ് അവിനാശിയാണ്, ആത്മാവില് 84 ജന്മങ്ങളുടെ അവിനാശിയായ പാര്ട്ട് അടങ്ങിയിട്ടുണ്ട്. ആ പാര്ട്ട് അഭിനയിച്ചുകൊണ്ടിരിക്കുന്നു. ആത്മാവ് അവിനാശി എങ്കില് പാര്ട്ടും അവിനാശിയാണ്. ആത്മാവ് എങ്ങനെയാണ് ആള്റൗണ്ട് പാര്ട്ട് അഭിനയിക്കുന്നത് എന്നതിനെക്കുറിച്ച് ആര്ക്കും തന്നെ അറിയുന്നില്ല. മറ്റുളളവര് ആത്മാവ് തന്നെ പരമാത്മാവ് എന്നു പറയുന്നു. നിങ്ങള് കുട്ടികള്ക്ക് ആദി മുതല്ക്ക് അന്തിമം വരെയുളള മുഴുവനും ജ്ഞാനവുമുണ്ട്. മറ്റുളളവര് ഡ്രാമയുടെ ആയുസ്സ് തന്നെ ലക്ഷക്കണക്കിനു വര്ഷങ്ങളെന്നു പറയുന്നു. ഇപ്പോള് നിങ്ങള്ക്ക് മുഴുവന് ജ്ഞാനവും ലഭിച്ചിട്ടുണ്ട്. നിങ്ങള്ക്കറിയാം ബാബയാല് രചിക്കപ്പെട്ടിട്ടുളള ഈ ജ്ഞാനയജ്ഞത്തില് മുഴുവന് ലോകവും സ്വാഹാ ആയിത്തീരണം. അതുകൊണ്ടാണ് ബാബ പറയുന്നത് ദേഹസഹിതം എന്തെല്ലാമുണ്ടോ അതു മുഴുവനും മറക്കണം. സ്വയം ആത്മാവാണെന്നു മനസ്സിലാക്കണം. ബാബയെയും ശാന്തിധാമത്തെയും അതായത് മധുരമായ വീടിനെയും ഓര്മ്മിക്കണം. ഇത് ദു:ഖധാമമാണ്. നിങ്ങള് കുട്ടികളിലും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചു മാത്രമേ മനസ്സിലാക്കുവാന് സാധിക്കൂ. ഇപ്പോള് നിങ്ങള് ജ്ഞാനത്താല് നിറഞ്ഞവരാണ്. ബാക്കി മുഴുവന് പരിശ്രമവും ഓര്മ്മയിലാണ്. ജന്മജന്മാന്തരത്തിലെ ദേഹാഭിമാനത്തെ ഇല്ലാതാക്കി ദേഹിഅഭിമാനിയായിത്തീരണം, ഇതിന് വളരെ പ്രയത്നമുണ്ട്. പറയാന് വളരെ എളുപ്പമാണ് പക്ഷെ സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ബിന്ദുരൂപത്തില് ഓര്മ്മിക്കണം, ഇതിലാണ് പ്രയത്നം. ബാബ പറയുന്നു ഞാന് എന്താണ് ഏതുപോലെയാണ് ആ രീതിയില് എന്നെ ഓര്മ്മിക്കുവാന് ബുദ്ധിമുട്ടാണ്. ഏതുപോലെയാണോ അച്ഛന് അതുപോലെത്തന്നെയായിരിക്കുമല്ലോ കുട്ടികളും. സ്വയം തന്നെ അറിയുകയാണെങ്കില് അച്ഛനെയും അറിയുവാന് സാധിക്കും. നിങ്ങള്ക്കറിയാം പഠിപ്പിക്കുന്നത് ഒരേയൊരു ബാബയാണെന്ന്, പഠിക്കുന്നവര് ധാരാളമുണ്ട്. എങ്ങനെയാണ് ബാബ രാജധാനി സ്ഥാപിക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്ക്കു മാത്രമേ അറിയൂ. ബാക്കി ഈ ശാസ്ത്രങ്ങളെല്ലാം തന്നെ ഭക്തിമാര്ഗ്ഗത്തിലെ സാമഗ്രികളാണ്. മനസ്സിലാക്കിത്തരുന്നതിനായി എനിക്ക് പറയേണ്ടതായി വരുന്നു. ബാക്കി ഇതില് വെറുപ്പിന്റെ കാര്യമൊന്നുമില്ല. ശാസ്ത്രത്തില് ബ്രഹ്മാവിന്റെ രാത്രിയും പകലും എന്നു പറയാറുണ്ട് പക്ഷേ ആരും ഇതിനെക്കുറിച്ച് മനസ്സിലാക്കുന്നില്ല. രാത്രിയും പകലും പകുതി-പകുതിയാണ്. ഏണിപ്പടിയില് എത്ര സഹജമായാണ് മനസ്സിലാക്കിത്തരുന്നത്.

മനുഷ്യര് മനസ്സിലാക്കുന്നു ഭഗവാന് വളരെ സമര്ത്ഥനാണ്, ഭഗവാന് എന്ത് വേണമെങ്കിലും ചെയ്യുവാന് സാധിക്കും. പക്ഷേ ബാബ പറയുന്നു ഞാനും ഡ്രാമയുടെ ബന്ധനത്തില് ബന്ധിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കില് ഭാരതത്തില് എത്ര ആപത്തുകളാണ് സംഭവിക്കുന്നത് ഇടയ്ക്കിടെ എനിക്ക് വരാന് സാധിക്കുമോ? എന്റെ പാര്ട്ടിനും പരിധിയുണ്ട്. എപ്പോഴാണോ പര്ണ്ണമായും ദു:ഖമുണ്ടാകുന്നത് അപ്പോഴാണ് ഞാന് എന്റെതായ സമയത്ത് വരുന്നത്. ഒരു സെക്കന്റിന്റെ പോലും വ്യത്യാസമുണ്ടാകുന്നില്ല. ഡ്രാമയില് ഓരോരുത്തര്ക്കും വളരെ കൃത്യമായ പാര്ട്ടാണ് അടങ്ങിയിട്ടുളളത്. ഇതാണ് ഏറ്റവും ഉയര്ന്ന അച്ഛന്റെ അവതരണം. പിന്നീട് നമ്പര്വൈസായി കുറഞ്ഞ ശക്തിയുളളവര് താഴേക്ക് വരുന്നു. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ബാബയില് നിന്നും ജ്ഞാനം ലഭിക്കുന്നു ഇതിലൂടെ നിങ്ങള് വിശ്വത്തിന്റെ അധികാരികളായിത്തീരുന്നു. നിങ്ങളില് ഇപ്പോള് മുഴുവന് ശക്തിയും വന്നുചേരുകയാണ്. പുരുഷാര്ത്ഥം ചെയ്ത് നിങ്ങള് തമോപ്രധാന അവസ്ഥയില് നിന്നും സതോപ്രധാനമായിത്തീരുന്നു. മറ്റുളളവര്ക്കാ ണെങ്കില് പാര്ട്ട് തന്നെയില്ല. മുഖ്യമായും നിങ്ങള്ക്ക് ഡ്രാമയുടെ ജ്ഞാനമാണ് ഇപ്പോള് ലഭിക്കുന്നത്. ബാക്കി എല്ലാം തന്നെ ഭൗതികമാണ് കാരണം എല്ലാം ഈ കണ്ണുകളിലൂടെ കാണാന് സാധിക്കുന്നതാണ്. ബാബയാണ് ലോകത്തിലെ മഹാത്ഭുതമായ സ്വര്ഗ്ഗത്തെ രചിക്കുന്നത്. അതിനെ ഹെവന്, പാരഡൈസ് എന്നിങ്ങനെ പല പേരുകളില് പറയപ്പെടുന്നു. സ്വര്ഗ്ഗത്തിനും എത്ര മഹിമയാണുളളത് ബാബയ്ക്കും ബാബയുടെ രചനയ്ക്കും ധാരാളം മഹിമയുണ്ട്. ഏറ്റവും ഉയര്ന്നത് ഭഗവാനാണ്. ഏറ്റവും ഉയര്ന്ന സ്വര്ഗ്ഗത്തിന്റെ സ്ഥാപന ബാബ എങ്ങനെയാണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് ആര്ക്കും തന്നെ അറിയില്ല. നിങ്ങള് മധുരമധുരമായ കുട്ടികള്ക്കും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ് അറിയുന്നത്. അതനുസരിച്ച് പദവിയും നേടുന്നു. ഡ്രാമാ അനുസരിച്ചാണ് എല്ലാവരും പുരുഷാര്ത്ഥം ചെയ്യുന്നത്. പുരുഷാര്ത്ഥം കൂടാതെ ആര്ക്കും ഒന്നും തന്നെ ലഭിക്കുന്നില്ല. കര്മ്മം കൂടാതെ ആര്ക്കും ഒരു സെക്കന്റ് പോലും ഇരിക്കുവാന് സാധിക്കില്ല. മറ്റുളള ഹഠയോഗികള് പ്രാണായാമം ചെയ്യുന്നു, ജഡം പോലെ ഇരിക്കുന്നു, അവരുടെ മേല് മണ്ണ് വന്നു മൂടി പുറ്റാകും. ആ മണ്ണിനുമേല് പിന്നീട് വെളളം വീഴുമ്പോള് അതില് നിന്നും പുല്ല് മുളയ്ക്കുന്നു. പക്ഷേ ഇതിലൂടെയൊന്നും പ്രയോജനമില്ല. എത്ര ദിവസം ഇതുപോലെത്തന്നെ ഇരിക്കും? കര്മ്മം എന്തായാലും ചെയ്യണമല്ലോ. ആര്ക്കും കര്മ്മ സന്യാസിയായി ത്തീരുവാന് സാധിക്കില്ലല്ലോ. അവര് കേവലം കഴിക്കാനുളള ഭക്ഷണമൊന്നും ഉണ്ടാക്കുന്നില്ല അതുകൊണ്ട് അവരെ കര്മ്മസന്യാസിമാരെന്നു പറയുന്നു. ഇതും ഡ്രാമയിലുളള അവരുടെ പാര്ട്ടാണ്. ഈ നിവൃത്തിമാര്ഗ്ഗത്തിലുളളവര് ഇല്ലെങ്കില് ഭാരതത്തിന്റെ അവസ്ഥ എന്തായിത്തീരും? ഭാരതം നമ്പര്വണ് പവിത്രമായിരുന്നു. ബാബ ആദ്യമാദ്യം പവിത്രതയാണ് സ്ഥാപിക്കുന്നത് അത് പിന്നീട് അരക്കല്പം നിലനില്ക്കുന്നു. സത്യയുഗത്തില് ഒരു ധര്മ്മം ഒരു രാജ്യമായിരുന്നു. ഒരേയൊരു ദൈവീക രാജ്യം ഇപ്പോള് വീണ്ടും സ്ഥാപിക്കുകയാണ്. ഇങ്ങനെയുളള നല്ലനല്ല സ്ലോഗനുകള് ഉണ്ടാക്കി മനുഷ്യരെ ഉണര്ത്തണം. വീണ്ടും ദൈവീക രാജ്യഭാഗ്യം വന്ന് നേടൂ. ഇപ്പോള് നിങ്ങള് എത്ര നല്ല രീതിയിലാണ് മനസ്സിലാക്കുന്നത്. കൃഷ്ണനെ എന്തുകൊണ്ടാണ് ശ്യാമസുന്ദര് എന്നു പറയുന്നത്-ഇതിനെക്കുറിച്ചും ഇപ്പോള് നിങ്ങള്ക്കു മനസ്സിലായി. ഇന്നത്തെക്കാലത്ത് വളരെ പേര് ഇതുപോലെയുളള പേരുകള് വെയ്ക്കുന്നുണ്ട്. കൃഷ്ണനുമായി മത്സരിക്കുന്നു. നിങ്ങള് കുട്ടികള്ക്ക് അറിയാം പതിതരാജാക്കന്മാര് എങ്ങനെ പാവനരാജാക്കന്മാര്ക്കു മുന്നില് തല കുനിക്കുന്നു എന്ന്, പക്ഷേ യാതൊരു അറിവുമില്ലാതെയാണ്. നിങ്ങള്ക്കറിയാം ആരാണോ പൂജ്യര് അവര് തന്നെയാണ് പിന്നീട് പൂജാരി അവസ്ഥയിലേക്കും വരുന്നത്. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് മുഴുവന് ചക്രവുമുണ്ട്. ഈ ചക്രം തന്നെ ഓര്മ്മിക്കുകയാണെങ്കില് അവസ്ഥ നല്ലതായിരിക്കും. പക്ഷേ മായ ഓര്മ്മിക്കാന് അനുവദിക്കില്ല മറപ്പിക്കുന്നു. സദാ ഹര്ഷിതമുഖ അവസ്ഥയുണ്ടെങ്കില് നിങ്ങളെ ദേവതകളെന്നു പറയുന്നു. ലക്ഷ്മിനാരായണന്റെ ചിത്രത്തെ കണ്ട് എല്ലാവരും എത്രയാണ് സന്തോഷിക്കുന്നത്. രാധാ-കൃഷ്ണന്റെ അഥവാ രാമന്റെ ചിത്രത്തെക്കണ്ട് ഇത്ര സന്തോഷിക്കുന്നില്ല കാരണം ശ്രീകൃഷ്ണനെക്കുറിച്ച് ശാസ്ത്രങ്ങളില് ആക്ഷേപത്തിന്റെ കാര്യങ്ങളാണ് എഴുതിയിരിക്കുന്നത്. ഈ ബാബയും ശ്രീനാരായണനായാണല്ലോ മാറുന്നത്. ബാബ ഈ ലക്ഷ്മിനാരായണന്റെ ചിത്രത്തെ കണ്ട് സന്തോഷിക്കാറുണ്ട്. കുട്ടികള്ക്കും ഇതുപോലെത്തന്നെ മനസ്സിലാക്കണം, ബാക്കി വളരെ കുറച്ച് സമയം മാത്രമേ നമുക്ക് ഈ പഴയ ശരീരത്തിലിരിക്കേണ്ട ആവശ്യമുളളൂ, പിന്നീട് പോയി രാജകുമാരനായിത്തീരുന്നു. ഇതാണ് നമ്മുടെ ലക്ഷ്യം. ഇതും കേവലം നിങ്ങള്ക്കേ അറിയൂ. സന്തോഷത്താല് ഗദ്ഗദം കൊളളണം. എത്രത്തോളം പഠിക്കുന്നുവോ അത്രത്തോളം ഉയര്ന്ന പദവി ലഭിക്കുന്നു. പഠിച്ചില്ലെങ്കില് എന്തു പദവിയാണ് ലഭിക്കുക? മഹാരാജാ-റാണി പദവി നോക്കുമ്പോള് പ്രജയിലെ ജോലിക്കാര് അഥവാ ദാസ-ദാസികള് എത്ര താഴ്ന്ന പദവിയാണ്. എല്ലാവര്ക്കുമുളള വിഷയം ഒന്നു തന്നെയാണ്. ബാബയ്ക്ക് എത്ര സന്തോഷമുണ്ടായി അളളാഹുവിനെ ലഭിച്ചു, ബാക്കി തന്റെതായതെല്ലാം തന്നെ സമര്പ്പിച്ചു. എത്ര വലിയ ലോട്ടറിയാണ് ലഭിച്ചത്. ബാക്കി ഇനി എന്തു വേണം! അപ്പോള് എന്തുകൊണ്ട് കുട്ടികളുടെ ഉളളിലും ഇതുപോലെ സന്തോഷമുണ്ടാകുന്നില്ല. അതുകൊണ്ടാണ് ബാബ പറയുന്നത് ഇതുപോലെയുളള ട്രാന്സ്ലൈറ്റിന്റെ ചിത്രം എല്ലാവര്ക്കും വേണ്ടി ഉണ്ടാക്കുകയാണെങ്കില് ഇതുകണ്ട് കുട്ടികള് സന്തോഷിക്കട്ടെ. ശിവബാബ ബ്രഹ്മാവിലൂടെ നമുക്ക് സമ്പത്ത് നല്കുകയാണ്. മനുഷ്യര്ക്ക് ഇതൊന്നിനെക്കുറിച്ചും അറിയുകയില്ല. തീര്ത്തും തുച്ഛബുദ്ധികളാണ്. ഇപ്പോള് നിങ്ങള് തുച്ഛബുദ്ധികളില് നിന്നും സ്വച്ഛബുദ്ധികളായിക്കൊണ്ടിരിക്കുകയാണ്. സര്വ്വതും അറിഞ്ഞു കഴിഞ്ഞു, ഇനി മറ്റൊന്നും തന്നെ പഠിക്കേണ്ടതായ ആവശ്യമില്ല. ഈ പഠിപ്പിലൂടെ നിങ്ങള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തി പദവിയാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് ബാബയെ നോളേജ്ഫുള് എന്നു പറയുന്നത്. മനുഷ്യര് മനസ്സിലാക്കുന്നു ഭഗവാന് എല്ലാവരുടെയും ഹൃദയത്തെ അറിയുന്നവനാണെന്ന്. പക്ഷേ ബാബ നമുക്ക് ജ്ഞാനമാണ് നല്കുന്നത്. ഏതുകുട്ടികളാണ് നന്നായി പഠിക്കുന്നതെന്ന് ടീച്ചര്ക്ക് മനസ്സിലാക്കാന് സാധിക്കുന്നു, ബാക്കി മുഴുവന് ദിവസത്തിലും കുട്ടികളുടെ ബുദ്ധിയില് എന്തെല്ലാമാണ് നടക്കുന്നതെന്ന് ഒരിക്കലും നോക്കുകയില്ല. ഇത് വളരെ അത്ഭുതകരമായ ജ്ഞാനമാണ്. ബാബയെ ജ്ഞാനസാഗരനെന്നും സുഖ-ശാന്തിയുടെ സാഗരനെന്നും പറയുന്നു. നിങ്ങളും ഇപ്പോള് മാസ്റ്റര് ജ്ഞാനസാഗരനായിത്തീരുന്നു. പിന്നീട് ഈ സ്വമാനം ഇല്ലാതാകുന്നു. സത്യയുഗത്തില് നിങ്ങളുടെ മഹിമയാണ് സര്വ്വഗുണസമ്പന്നര്, 16കലാ സമ്പൂര്ണ്ണര്. ഇതാണ് മനുഷ്യകുലത്തിന്റെ ഉയര്ന്ന പദവി. ഈ സമയത്ത് നിങ്ങള്ക്ക് ഈശ്വരീയ പദവിയാണ്. എത്രത്തോളം നല്ലരീതിയില് മനസ്സിലാക്കാനും മനസ്സിലാക്കി കൊടുക്കാനുമുളള കാര്യങ്ങളാണ്. ലക്ഷ്മിനാരായണന്റെ ചിത്രത്തെ കണ്ട് വളരെയധികം സന്തോഷം ഉണ്ടായിരിക്കണം. നമ്മള് ഇപ്പോള് വിശ്വത്തിന്റെ അധികാരിയായിത്തീരുകയാണ്. ജ്ഞാനത്തിലൂടെ മാത്രമാണ് സര്വ്വഗുണങ്ങളും വന്നു ചേരുക. തന്റെ ലക്ഷ്യത്തെ കാണുന്നതിലൂടെത്തന്നെയാണ് ഉണര്വ്വ് വരുക. അതുകൊണ്ടാണ് ബാബ പറയുന്നത് ഈ ലക്ഷ്മിനാരായണന്റെ ചിത്രം ഓരോരുത്തര്ക്കും ഉണ്ടായിരിക്കണം. ഈ ചിത്രം ഹൃദയത്തില് സ്നേഹം വര്ദ്ധിപ്പിക്കുന്നു. മനസ്സില് തോന്നും-ഇത് മൃത്യുലോകത്തിലെ അന്തിമജന്മമാണ്. പിന്നീട് നമ്മള് അമരലോകത്തില് ഇവര്ക്ക്(ലക്ഷ്മി നാരായണന്) സമാനമായിത്തീരുന്നു, നിങ്ങളും അങ്ങിനെത്തന്നെ. അല്ലാതെ ഇതിനര്ത്ഥം ആത്മാവ് തന്നെയാണ് പരമാത്മാവ് എന്നല്ല. ഈ ജ്ഞാനം എല്ലാം തന്നെ ബുദ്ധിയിലിരിക്കണം. ആര്ക്കെങ്കിലും മനസ്സിലാക്കി കൊടുക്കുമ്പോള് പറയൂ, ഒരിക്കലും ഞങ്ങള് ആരില് നിന്നും ഭിക്ഷ ചോദിക്കാറില്ല. പ്രജാപിതാബ്രഹ്മാവിന്റെ കുട്ടികള് ധാരാളമുണ്ട്. നമ്മള്, തന്റെ തന്നെ ശരീരം, മനസ്സ്, ധനം ഇവ ഉപയോഗിച്ച് സേവനം ചെയ്യുന്നു. ബ്രാഹ്മണര് തന്റെ സമ്പാദ്യത്തിലൂടെ തന്നെയാണ് യജ്ഞത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതില് ഒരിക്കലും ശൂദ്രന്മാരുടെ പൈസ ഉപയോഗിക്കുവാന് സാധിക്കില്ല. ഇവിടെ ധാരാളം കുട്ടികളുണ്ട് അവര്ക്കറിയാം എത്രത്തോളം നമ്മള് ശരീരം മനസ്സ് ധനം ഇവ ഉപയോഗിച്ച് സേവനം ചെയ്യുന്നുവോ, സമര്പ്പണമാകുന്നുവോ അത്രത്തോളം ഉയര്ന്ന പദവിയും ലഭിക്കുന്നു. അറിയാം ബാബ വിത്ത് വിതച്ചു എങ്കില് ഞങ്ങള് ലക്ഷ്മിനാരായണനായിത്തീരും. പൈസ എന്തായാലും നശിക്കാനുളളതാണ് അപ്പോള് എന്തുകൊണ്ട് ഈശ്വരീയ കാര്യത്തിനായി ഉപയോഗിച്ചുകൂടാ. എന്താ സമര്പ്പണമായവര് വിശന്ന് മരിക്കുമോ? ബാബ നന്നായി സംരക്ഷിക്കുന്നുണ്ട്. ബ്രഹ്മാബാബയെയും എത്ര നല്ല രീതിയിലാണ് സംരക്ഷിക്കുന്നത്. ബാബ ശിവബാബയുടെ രഥമല്ലേ. മുഴുവന് ലോകത്തെയും സ്വര്ഗ്ഗമാക്കി മാറ്റുന്ന ആളാണ്. ബാബ സുന്ദരനായ വഴിയാത്രികനാണ്.

പരമപിതാവായ പരമാത്മാവ് വന്ന് എല്ലാവരെയും സുന്ദരമാക്കി മാറ്റുന്നു. നിങ്ങള് കറുത്തവരില് നിന്നും വെളുത്ത സുന്ദരനായിത്തീരുന്നു. എത്ര സുന്ദരനായ സാജനാണ്. ബാബ വന്ന് എല്ലാവരെയും വെളുത്തതാക്കി (സതോപ്രധാനം) മാറ്റുന്നു. ബാബയുടെ മേല് സമര്പ്പണമായിത്തീരണം. ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കണം. എങ്ങനെയാണോ ആത്മാവിനെ കാണാന് സാധിക്കാത്തത് അനുഭവിക്കാനല്ലേ സാധിക്കൂ, അതേപോലെ പരമാത്മാവിനെയും അനുഭവിച്ചറിയാന് മാത്രമേ സാധിക്കൂ. ആത്മാവും പരമാത്മാവും കാണാന് ഒരേപോലെ ബിന്ദുവിനു സമാനമാണ്. ബാക്കി ബാബയില് മുഴുവന് ജ്ഞാനവുമുണ്ട്. ഇതെല്ലാം തന്നെ വളരെയധികം മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്. കുട്ടികളുടെ ബുദ്ധിയില് ഇതെല്ലാം തന്നെ കുറിച്ചു വെക്കണം. ബുദ്ധിയില് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ് ധാരണയുണ്ടാകുന്നത്. ഡോക്ടര്മാര്ക്ക് മരുന്നുകള് ഓര്മ്മയുണ്ടാകുമല്ലോ. അല്ലാതെ രോഗികള് വരുന്ന സമയത്ത് പുസ്തകം നോക്കികൊണ്ടിരിക്കില്ല. ഡോക്ടര്ഭാഗത്തിന്റെയും പോയിന്റുകള് ഉണ്ടാകും, വക്കീല്ഭാഗത്തിന്റെയും പോയിന്റുകളുണ്ടാകും. നിങ്ങള്ക്കും ധാരാളം പോയിന്റുകളുണ്ട്, വിഷയങ്ങളുണ്ട്, അതിനുമേല് നിങ്ങള് മനസ്സിലാക്കി കൊടുക്കുന്നു. ചില പോയിന്റ് ചിലര്ക്ക് ഉപയോഗപ്പെടുന്നു, ഏതെങ്കിലും പോയിന്റ് അവര്ക്ക് അമ്പ് തറക്കുന്നതു പോലെ അനുഭവപ്പെടുന്നു. പോയിന്റുകള് ധാരാളമുണ്ട്. ആരാണോ നല്ല രീതിയില് ധാരണ ചെയ്യുന്നത് അവര് നല്ല രീതിയില് സേവനവും ചെയ്യുന്നു. നമ്മള് അരക്കല്പത്തിലെ മഹാരോഗികളാണ്. ആത്മാവ് ഇത്രയും പതിതമായിരിക്കുകയാണ്, അതിനുവേണ്ടി ഒരേയൊരു അവിനാശി സര്ജന് മരുന്ന് നല്കുന്നു. ബാബ സദാ സര്ജനായിത്തന്നെയിരിക്കുന്നു, ഒരിക്കലും അസുഖം ബാധിക്കുന്നില്ല. മറ്റെല്ലാവര്ക്കും തന്നെ അസുഖം ബാധിക്കുന്നു. അവിനാശിയായ സര്ജന് ഒരേയൊരു തവണയാണ് വന്ന് മന്മനാഭവയുടെ ഇഞ്ചക്ഷന് നല്കുന്നത്. എത്ര സഹജമാണ്, ചിത്രത്തെ സദാ പോക്കറ്റില് വെയ്ക്കൂ. ബാബ നാരായണന്റെ പൂജാരിയായിരുന്നു അപ്പോള് ലക്ഷ്മിയുടെ ചിത്രത്തെ മാറ്റി ഒറ്റയ്ക്കുളള നാരായണന്റെ ചിത്രം മാത്രം വെച്ചു. ഇപ്പോള് മനസ്സിലായി ആരെയാണോ നാം പൂജിച്ചിരുന്നത് അവരെപ്പോലെയായിത്തീരുകയാണ്. ലക്ഷ്മിയെ മാറ്റിനിര്ത്തിയാല് ഉറപ്പാണ് ഞാന് ലക്ഷ്മിയാകില്ല എന്ന്. ലക്ഷ്മിയിരുന്ന് കാല് തടവുന്നത് നല്ലതായി തോന്നിയില്ല. അതുകണ്ടാണ് പുരുഷന്മാര് തന്റെ പത്നിയെക്കൊണ്ട് കാല് തടവിപ്പിക്കുന്നത്. സത്യയുഗത്തില് ഒരിക്കലും ഇങ്ങനെയുളള കാര്യങ്ങള് ഉണ്ടാവുകയില്ല. ഈ സമ്പ്രദായം അവിടെ ഉണ്ടാവുകയില്ല. ഇത് രാവണരാജ്യത്തിലെ രീതിയാണ്. വാസ്തവത്തില് ഈ ചിത്രത്തില് തന്നെ മുഴുവന് ജ്ഞാനവുമുണ്ട്. മുകളില് ത്രിമൂര്ത്തിയുണ്ട്, ഈ ജ്ഞാനത്തെ മുഴുവന് ദിവസവും സ്മരിക്കുകയാണെങ്കില് വളരെ അത്ഭുതം തോന്നും. ഭാരതം ഇപ്പോള് സ്വര്ഗ്ഗമായിത്തീരുകയാണ്. എത്ര നല്ല തിരിച്ചറിവാണ്, മനുഷ്യരുടെ ബുദ്ധിയില് എന്താണിരിക്കാത്തത് എന്നറിയില്ല. വളരെ ശക്തമായിത്തന്നെ അഗ്നി ബാധിക്കും, വൈക്കോല്ക്കൂനക്ക് തീപിടിക്കും. രാവണരാജ്യം തീര്ത്തും നശിക്കുക തന്നെ വേണം. യജ്ഞത്തില് പവിത്രമായ ബ്രാഹ്മണരാണ് ആവശ്യം. ഇത് വളരെ ഉയര്ന്ന യജ്ഞമാണ്- മുഴുവന് വിശ്വത്തിലും പവിത്രത കൊണ്ടുവരണം. മറ്റുളള ബ്രാഹ്മണര് ബ്രഹ്മാവിന്റെ സന്താനങ്ങളാണെന്ന് സ്വയം പറയുന്നുണ്ടെങ്കിലും അവര് കുഖവംശാവലികളാണ്. പവിത്രമായ മുഖവംശാവലികളെയാണ് ബ്രഹ്മാവിന്റെ സന്താനങ്ങളെന്നു പറയുന്നത്. അപ്പോള് അവര്ക്കും നിങ്ങള് ഇത് മനസ്സിലാക്കി കൊടുക്കണം. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചുകിട്ടിയ മധുരമധുരമായ സന്താനങ്ങള്ക്ക് മാതാപിതാവായ ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്കാരവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സ്വച്ഛബുദ്ധിയായി ഈ അത്ഭുതകരമായ ജ്ഞാനത്തെ ധാരണ ചെയ്ത് ബാബയ്ക്കു സമാനം മാസ്റ്റര് ജ്ഞാനസാഗരനായിത്തീരണം. ഈ ജ്ഞാനത്തിലൂടെ സര്വ്വഗുണങ്ങളെയും സ്വയത്തില് ധാരണ ചെയ്യണം.

2. എങ്ങനെയാണോ ബാബ തന്റെ ശരീരം- മനസ്സ-് ധനം സേവനത്തിനായി സമര്പ്പണം ചെയ്തത്, ബലിയര്പ്പണമായത് അതേ പോലെ ബാബയ്ക്കു സമാനം തന്റെ സര്വ്വതും ഈശ്വരീയ സേവനത്തില് സഫലമാക്കണം. സദാ റീഫ്രെഷായിരിക്കുന്നതിനായി ലക്ഷ്യത്തിന്റെ ചിത്രത്തെ സദാ കൂടെ വെയ്ക്കണം.

വരദാനം :-
ഏകരസസ്ഥിതിയിലൂടെ സദാ ഒരു ബാബയെ ഫോളോ ചെയ്യുന്ന പ്രസന്നചത്തരായി ഭവിക്കട്ടെ.

താങ്കള് കുട്ടികളെ സംബന്ധിച്ച് ബ്രഹ്മാബാബയുടെ ജീവിതം ഒരു കൃത്യമായ കമ്പ്യൂട്ടറാണ്. ഇക്കാലത്ത് കമ്പ്യൂട്ടര് മുഖേന ഏത് പ്രശ്നത്തിന്റെയും ഉത്തരം ചോദിക്കാറുണ്ട്. അതേപോലെ മനസ്സില് ഏത് പ്രശ്നം വന്നാലും അപ്പോള് എന്ത്, എന്തുകൊണ്ട്, എങ്ങനെ എന്നതിന് പകരം ബ്രഹ്മാബാബയുടെ ജീവിതമാകുന്ന കമ്പ്യൂട്ടറില് നോക്കൂ. അപ്പോള് എന്ത്, എങ്ങനെ എന്നിവ ڇഇങ്ങനെڈ എന്നതിലേക്ക് പരിവര്ത്തനപ്പെടും. പ്രശ്നചിത്തരാകുന്നതിന് പകരം പ്രസന്നചിത്തരായി മാറും. പ്രസന്നചിത്ത് അര്ത്ഥം ഏകരസസ്ഥിതിയില് ഒരു ബാബയെ ഫോളോ ചെയ്യുന്നവര്.

സ്ലോഗന് :-
ആത്മീയശക്തിയുടെ ആധാരത്തില് സദാ ആരോഗ്യവാനായി ഇരിക്കുന്നതിന്റെ അനുഭവം ചെയ്യൂ.

വിശേഷ സൂചന:- എല്ലാ ബ്രാഹ്മണരും 2025 ജനുവരി 1 മുതല് 31 വരെ വിശേഷമായി അന്തര്മുഖതയുടെ ഗുഹക്കുള്ളിലിരുന്ന് കൊണ്ട് യോഗതപസ്യ ചെയ്ത് മുഴുവന് വിശ്വത്തിനും തന്റെ ശക്തിശാലി മനസ്സിലൂടെ സകാശ് കൊടുക്കുന്നതിന്റെ വിശേഷ സേവനം ചെയ്താലും. ഈ ലക്ഷ്യത്തോടെ ഈ മാസത്തെ പത്രപുഷ്പത്തില് അവ്യക്തസൂചനകള് അയച്ചിട്ടുണ്ട്, അത് ജനുവരി മാസം മുഴുവനും മുരളിക്ക് ചുവടെയും കൊടുക്കുന്നുണ്ട്. താങ്കളെല്ലാവരം ഈ പോയന്റില് വിശേഷ മനന ചിന്തനം ചെയ്ത് മനസാ സേവനത്തിന്റെ അനുഭവിയാകൂ.

തന്റെ ശക്തിശാലി മനസ്സിലൂടെ സകാശ് കൊടുക്കുന്നതിന്റെ സേവനം ചെയ്യൂ.

താങ്കള് ശാന്തിദൂതരായ കുട്ടികള് എവിടെയിരുന്ന് കൊണ്ടും, നടക്കുമ്പോഴും കറങ്ങുമ്പോഴും സദാ സ്വയത്തെ ശാന്തിദൂതരെന്ന് മനസ്സിലാക്കി നടക്കൂ. ആര് സ്വയം ശാന്തസ്വരൂപത്തിലും ശക്തിശാലി സ്വരൂപത്തിലും സ്ഥിതി ചെയ്യുന്നുവോ അവര് മറ്റുള്ളവര്ക്കും ശാന്തിയുടെയും ശക്തിയുടെയും സകാശ് കൊടുത്തുകൊണ്ടിരിക്കും.