04.07.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ജ്ഞാനസാഗരനായ ബാബ നിങ്ങൾക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം തരാനായി വന്നിരിക്കുകയാണ്, അതിലൂടെ നിങ്ങളുടെ ആത്മാവാകുന്ന ജ്യോതി തെളിയുന്നു.

ചോദ്യം :-
ബാബയെ എന്തുകൊണ്ടാണ് ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമാണെന്ന് പറയുന്നത്? ബാബ എന്താണ് ചെയ്യുന്നത്, എന്താണ് ചെയ്യിപ്പിക്കുന്നത്?

ഉത്തരം :-
ബാബ പറയുന്നു-ഞാൻ നിങ്ങൾക്ക് മുരളി കേൾപ്പിക്കുക എന്ന കർത്തവ്യമാണ് ചെയ്യുന്നത്. മുരളി കേൾപ്പിച്ച്, മന്ത്രം നൽകി നിങ്ങളെ യോഗ്യതയുള്ളവരാക്കി പിന്നീട് നിങ്ങളിലൂടെ സ്വർഗ്ഗത്തിന്റെ ഉദ്ഘാടനം ചെയ്യിപ്പിക്കുന്നു. നിങ്ങൾ സന്ദേശികൾ എല്ലാവർക്കും സന്ദേശം നൽകുന്നു. ഞാൻ നിങ്ങൾ കുട്ടികൾക്ക് ശ്രീമതം നൽകുന്നു,ഇതു തന്നെയാണ് എന്റെ ആശിർവാദം അഥവാ കൃപ.

ഗീതം :-
ഇന്ന് അതിരാവിലെ ആരാണ് വന്നത്......

ഓംശാന്തി.  
കുട്ടികൾ ഗീതം കേട്ടു. നമ്മുടെ മൂന്നാമത്തെ നേത്രം ശരിക്കും തുറക്കാൻ തക്കവണ്ണം അതിരാവിലെ നമ്മൾ കുട്ടികളെ ഉണർത്താൻ വന്നത് ആരാണ്? ജ്ഞാനസാഗരനായ പരമപിതാ പരമാത്മാവിലൂടെ നമ്മുടെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം തുറന്നിരിക്കുന്നു. ബാബ ആത്മാവാകുന്ന ജ്യോതിയെ തെളിയിക്കുന്നു എന്ന് മനസ്സിലായി. എന്നാൽ ബാബ അച്ഛനാണെന്ന് ആർക്കും അറിയില്ല. ബ്രഹ്മസമാജത്തിലുള്ളവർ പറയുന്നു-പരമാത്മാവ് ജ്യോതിയാണ്, പ്രകാശമാണ്. അവർ ക്ഷേത്രത്തിൽ എപ്പോഴും ജ്യോതിയാണ് തെളിയിക്കുന്നത്, കാരണം പരമാത്മാവ് ജ്യോതിയാണെന്നാണ് അംഗീകരിക്കുന്നത്. അതുകൊണ്ടാണ് ബ്രഹ്മസമാജത്തിലുള്ളവരുടെ ക്ഷേത്രത്തിൽ ജ്യോതി തെളിയിച്ചുവെക്കുന്നത്. ബാബ തിരി ഉപയോഗിച്ചല്ല ആത്മാവാകുന്ന വിളക്ക് കത്തിക്കുന്നത്. ഈ കാര്യം തന്നെ വേറിട്ടതാണ്. ഈശ്വരന്റെ ഗതിയും മതവും വേറിട്ടതാണെന്ന് പാടാറുണ്ട്. ബാബ സദ്ഗതിക്കുവേണ്ടിയാണ് ജ്ഞാന-യോഗം പഠിപ്പിക്കുന്നതെന്ന് ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം. പഠിപ്പിക്കാനും ആരെങ്കിലും വേണമല്ലോ. ശരീരം പഠിപ്പിക്കില്ലല്ലോ. എല്ലാം ആത്മാവ് തന്നെയാണ് ചെയ്യുന്നത്. ആത്മാവിൽത്തന്നെയാണ് നല്ലതും മോശവുമായ സംസ്കാരങ്ങൾ ഉള്ളത്. ഈ സമയത്ത് രാവണൻ പ്രവേശിച്ചതു കാരണം മനുഷ്യരുടെ സംസ്കാരങ്ങളെല്ലാം മോശമാണ് അർത്ഥം 5 വികാരങ്ങൾ പ്രവേശിച്ചിരിക്കുകയാണ്. ദേവതകളിൽ ഈ 5 വികാരങ്ങളില്ല. ഭാരതത്തിൽ ദൈവീക സംസ്കാരമുണ്ടായിരുന്നപ്പോൾ ഈ മോശമായ സംസ്കാരമൊന്നും ഉണ്ടായിരുന്നില്ല. സർവ്വഗുണ സമ്പന്നരായിരുന്നു. ദേവീ-ദേവതകളുടെ നല്ല സംസ്കാരത്തെയാണ് നിങ്ങൾ ഇപ്പോൾ ധാരണ ചെയ്യുന്നത്. എല്ലാവർക്കും സെക്കന്റിൽ സദ്ഗതി നൽകുന്നത് ബാബ മാത്രമാണ്. ഭക്തിമാർഗ്ഗത്തിലുള്ള ഗുരുക്കൻമാർക്കും സന്യാസിമാർക്കൊന്നും ഒരാളുടെയും സത്ഗതി ചെയ്യാൻ സാധിക്കില്ല. ബാബ വരുന്നതിലൂടെ മാത്രമാണ് എല്ലാവരുടേയും സത്ഗതിയുണ്ടാകുന്നത്. പതീതമായ ലോകത്തിന്റെ വിനാശം ചെയ്ത് പാവനമായ ലോകത്തിന്റെ ഉദ്ഘാടനം ചെയ്യൂ അഥവാ വാതിൽ തുറക്കൂ എന്ന് പറഞ്ഞാണ് പരമപിതാ പരമാത്മാവിനെ വിളിക്കുന്നത്. ബാബ വന്ന് ശിവ ശക്തി മാതാക്കളിലൂടെ ഗേറ്റ് തുറപ്പിക്കുന്നു. വന്ദേമാതരം എന്നാണ് പാടപ്പെട്ടിട്ടുള്ളത്. ഈ സമയത്ത് അമ്മമാരെയൊന്നും വന്ദിക്കാൻ സാധിക്കില്ല, കാരണം ആരും ശ്രേഷ്ഠാചാരിയല്ല. യോഗബലത്തിലൂടെ ജനിക്കുന്നവരെയാണ് ശ്രേഷ്ഠാചാരികളെന്ന് പറയുന്നത്. ലക്ഷ്മീ-നാരായണനെ ശ്രേഷ്ഠാചാരികളെന്നാണ് പറയുന്നത്. ദേവീ-ദേവതകളുണ്ടായി രുന്നപ്പോൾ ഭാരതം ശ്രേഷ്ഠാചാരിയായിരുന്നു. ഈ കാര്യങ്ങളൊന്നും മനുഷ്യർക്ക് അറിയില്ല. അവർ അവരവരുടെ പദ്ധതികളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഗാന്ധിജിയും രാമരാജ്യം ആഗ്രഹിച്ചിരുന്നു. അപ്പോൾ അതിലൂടെ ഈ ലോകം രാവണരാജ്യമാണെന്ന് തെളിയുന്നു. ഭാരതം പതീതമാണ്, എന്നാൽ രാമരാജ്യത്തിന്റെ സ്ഥാപനയും രാവണരാജ്യത്തിന്റെ വിനാശവും ചെയ്യിപ്പിക്കുന്നതിനു വേണ്ടി പരിധിയില്ലാത്ത ബാപ്പുജി വേണം. രാവണരാജ്യത്തിന് ഇപ്പോൾ തീ പിടിക്കണം എന്ന് നിങ്ങൾ കുട്ടികൾക്കറിയാം. എല്ലാ ആത്മാക്കളും അജ്ഞതയാകുന്ന അന്ധകാരത്തിൽ ഉറങ്ങിക്കിടക്കുകയാണ്. നമ്മളും ഉറങ്ങിക്കിടക്കുകയായിരുന്നു എന്ന് നമുക്കറിയാം. ബാബയാണ് വന്ന് ഉണർത്തിയത്. ഭക്തിയാകുന്ന രാത്രി പൂർത്തിയായി, പകൽ ആരംഭിക്കുകയാണ്. ബാബ സംഗമയുഗത്തിലാണ് വന്നിട്ടുള്ളത്. ബാബ കുട്ടിൾക്ക് ദിവ്യദൃഷ്ടിയും ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രവും നൽകുന്നു. ഈ നേത്രത്തിലൂടെ നിങ്ങൾ മുഴുവൻ വിശ്വത്തേയും അറിഞ്ഞു കഴിഞ്ഞു. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും അവിനാശിയുമായ ഡ്രാമയാണ്, ഇത് കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഇപ്പോൾ നിങ്ങൾക്കെത്ര ഉണർവ്വാണുള്ളത്. മുഴുവൻ ലോകവും ഉറങ്ങിക്കിടക്കുകയാണ്.

ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് മുഴുവൻ വിശ്വത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ചും , മൂലവതനം, സൂക്ഷ്മവതനം,സ്ഥൂലവതനത്തെക്കുറിച്ചും അറിയാം. ബാക്കി മുഴുവൻ ലോകവും കുംഭകർണ്ണന്റെ അജ്ഞതയാകുന്ന നിദ്രയിൽ ഉറങ്ങിക്കിടക്കുകയാണ്. പതീത-പാവനൻ ആരാണ് എന്ന് ആർക്കും അറിയില്ല. അല്ലയോ പതീത-പാവനാ വരൂ എന്ന് പറഞ്ഞ് വിളിക്കുന്നു. എന്നാൽ സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കിത്തരൂ എന്ന് പറഞ്ഞ് വിളിക്കുന്നില്ല. ബാബ പറയുന്നു-നിങ്ങൾ സൃഷ്ടിചക്രത്തെ അറിയുന്നതിലൂടെയാണ് ചക്രവർത്തി രാജാവായി മാറുന്നത്. ഓർമ്മയിലൂടെയാണ് പാവനമായി മാറുന്നത്. വിനാശം മുന്നിൽ നിൽക്കുകയാണെന്നും, യുദ്ധം ഉണ്ടാകണമെന്നും അറിയാം. കൗരവരും പാണ്ഡവരും തമ്മിലുള്ള യുദ്ധമൊന്നും ഉണ്ടായിട്ടില്ല. പാണ്ഡവർ ആരായിരുന്നു! ഇതും ആർക്കും അറിയില്ല. സേനയുടെ കാര്യമൊന്നുമില്ല. നിങ്ങൾ പാണ്ഡവരുടെ പക്ഷത്ത് സാക്ഷാൽ പാരലൗകീക പരമപിതാവുണ്ട്. പാരലൗകീക പരമാത്മാവിൽ നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. കൃഷ്ണന്റെ ആത്മാവ് 84 ജന്മങ്ങൾ അനുഭവിച്ച്, ഈ സമയം ബാബയിൽ നിന്നും സമ്പത്തെടുത്തു കൊണ്ടിരിക്കുകയാണ് എന്ന് നിങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞു. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിക്കപ്പെടുന്നു. ഇപ്പോൾ വിനാശത്തിനു മുമ്പ് നിങ്ങൾ കുട്ടികൾക്ക് തീർച്ചയായും സതോപ്രധാനമായി മാറണം. ഗൃഹസ്ഥത്തിൽ കഴിഞ്ഞും താമരപുഷ്പത്തിനു സമാനം പവിത്രമായി മാറണം. പാടിയിട്ടുമുണ്ട്, ഭഗവാനുവാച-ഗൃഹസ്ഥത്തിൽ ഇരുന്നും ഈ ഒരു ജന്മം പവിത്രമായി മാറൂ. കഴിഞ്ഞുപോയത് കഴിഞ്ഞു. അത് ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. സൃഷ്ടി സതോപ്രധാനമായി മാറണമെന്നത് ഡ്രാമയുടെ ഭാവിയാണ്. ഈശ്വരന്റെ ഭാവിയല്ല, ഈ ഡ്രാമയുടെ ഭാവിയും ഇങ്ങനെയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. അത് ബാബ മനസ്സിലാക്കിത്തരികയാണ്. പകുതി കൽപം പൂർത്തിയാകുമ്പോഴാണ് ബാബ വരുന്നത്. ബാബ പറയുന്നു- രാത്രി പൂർത്തിയായി പകൽ ആരംഭിക്കുമ്പോഴാണ് ഞാൻ വരുന്നത്. ശിവരാത്രി എന്നല്ലേ പറയുന്നത്. ശിവന്റെ പൂജാരിമാർ ശിവരാത്രി അംഗീകരിക്കാറുണ്ട്. ഗവൺമെന്റ് അവധി പോലും നിർത്തലാക്കിയിരിക്കുന്നു. അല്ലായെന്നുണ്ടെങ്കിൽ ചുരുങ്ങിയത് ഒരു മാസമെങ്കിലും അവധിയുണ്ടായിരിക്കണം. ശിവബാബ എല്ലാവരുടേയും സദ്ഗതി ചെയ്യുന്നു എന്ന് ആർക്കും അറിയില്ല. ബാബ തന്നെയാണ് എല്ലാവരുടേയും ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നത്. ബാബയുടെ ജയന്തി എല്ലാ ധർമ്മസ്ഥാപകരും ചുരുങ്ങിയത് ഒരു മാസമെങ്കിലും ആഘോഷിക്കണം. ഭാരതത്തിലാണ് ബാബ പ്രത്യേകിച്ചും വന്ന് സദ്ഗതി ചെയ്യുന്നത്. ഭാരതം സ്വർഗ്ഗമായിരുന്നപ്പോൾ ദേവീ-ദേവതകളുടെ രാജ്യമായിരുന്നു, മറ്റൊരു ധർമ്മവുമുണ്ടായിരുന്നില്ല. ദേവതകൾ വിശ്വത്തിന്റെ അധികാരികളായിരുന്നു. ഒരു വിഭജനവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അഖണ്ഡവും ഉറച്ചതും സുഖ-ശാന്തിയുടേയും സമ്പത്തിന്റെയും ദൈവീകമായ രാജ്യം നമ്മൾ വീണ്ടും പ്രാപ്തമാക്കുകയാണ്. പരിധിയില്ലാത്ത ബാബയിൽ നിന്നും പരിധിയില്ലാത്ത സമ്പത്ത് 5000 വർഷങ്ങൾക്കു മുമ്പും ലഭിച്ചിരുന്നു. സൂര്യവംശികളുടേയും ചന്ദ്രവംശികളുടേയും രാജ്യത്തിൽ ഒരു ദുഃഖവുമുണ്ടായിരുന്നില്ല. പാടാറുമുണ്ട്- രാമരാജാ, രാമപ്രജ... സത്യയുഗത്തിൽ അധർമ്മത്തിന്റെ കാര്യമൊന്നുമില്ല.

ബ്രഹ്മാവും വിഷ്ണുവും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളതെന്നും ബാബ നിങ്ങൾക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്. ബ്രഹ്മാവിന്റെ നാഭിയിൽ നിന്നും വിഷ്ണു ഉണ്ടാകുന്നു... ഇത് എന്തൊരു അത്ഭുതകരമായ ചിത്രമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ലക്ഷ്മീ-നാരായണന്മാരാണ് അവസാനം ബ്രഹ്മാ-സരസ്വതിയും, ജഗദംബയും, ജഗത് പിതാവുമായി മാറുന്നത്. പിന്നീട് അവർ രണ്ടുപേരും വിഷ്ണു അഥവാ ലക്ഷ്മീ-നാരായണനായി മാറുന്നു. ഈ കാണുന്ന ചിത്രങ്ങളൊന്നും യഥാർത്ഥമല്ല എന്ന് ബാബ മനസ്സിലാക്കിത്തരുന്നു. ശിവന്റെ വലിയ ചിത്രമുണ്ടാക്കുന്നതും യഥാർത്ഥമല്ല. ഭക്തിക്കുവേണ്ടിയാണ് വലുതാക്കി ഉണ്ടാക്കിയിരിക്കുന്നത്. ഇല്ലെങ്കിൽ ബിന്ദുവിനെ എങ്ങനെയാണ് പൂജിക്കുന്നത്? ബ്രഹ്മാവ്, വിഷ്ണു, ശങ്കരനെക്കുറിച്ചും ഒന്നും മനസ്സിലാക്കുന്നില്ല. ത്രിമൂർത്തി ബ്രഹ്മാവെന്ന് പറയുന്നു. ബ്രഹ്മാവിലൂടെ സ്ഥാപന, വിഷ്ണുവിലൂടെ പാലന.....എന്ന് പറയുന്നുണ്ടെങ്കിലും ബ്രഹ്മാവ് സ്ഥാപനയൊന്നും ചെയ്യുന്നില്ല. സ്വർഗ്ഗത്തിന്റെ സ്ഥാപന ബ്രഹ്മാവാണോ ചെയ്യുന്നത്? സ്വർഗ്ഗത്തിന്റെ സ്ഥാപന പരമപിതാ പരമാത്മാവാണ് ചെയ്യുന്നത്. ഈ വ്യക്തത്തിലുള്ള ബ്രഹ്മാവിന്റെ ആത്മാവ് പതീതമാണ്. ഈ ബ്രഹ്മാവിന്റെ ആത്മാവ് തന്നെയാണ് പാവനമായി മാറി തിരിച്ചുപോകുന്നത്. പിന്നീട് സത്യയുഗത്തിൽ വന്ന് നാരായണനായി മാറും. അപ്പോൾ പ്രജാപിതാ ബ്രഹ്മാവ് തീർച്ചയായും ഇവിടെ വേണമല്ലോ. എന്നാൽ ചിത്രം കാണിച്ചിരിക്കുന്നത് സൂക്ഷ്മവതനത്തിലാണ്. വാസ്തവത്തിൽ ഈ ജ്ഞാനത്തിന്റെ അലങ്കാരങ്ങളെല്ലാം നിങ്ങളുടേതാണ്. പക്ഷെ, കാണിച്ചിരിക്കുന്നത് വിഷ്ണുവിനാണ്. രാത്രിയും പകലും ഭക്തി ചെയ്താൽ സാക്ഷാത്കാരമുണ്ടാകാറുണ്ട്. മീരയെന്ന പേരും പ്രശസ്തമാണ്. പുരുഷന്മാരിൽ നമ്പർവൺ ഭക്തനാണ് നാരദൻ. അമ്മമാരിൽ വെച്ച് മീരയും. ഇപ്പോൾ നിങ്ങൾ നാരായണനെ അഥവാ ലക്ഷ്മിയെ വരിക്കുന്നതിനുവേണ്ടിയാണ് ഈ ജ്ഞാനം കേൾക്കുന്നത്. നിങ്ങളുടെ സ്വയംവരമാണ് ഉണ്ടാകുന്നത്. നാരദൻ സഭയിൽ വന്ന് ലക്ഷ്മിയെ വരിക്കണമെന്ന് പറഞ്ഞതായും കാണിക്കുന്നു. ഇപ്പോൾ നിങ്ങളാണ് ലക്ഷ്മിയെ വരിക്കാൻ യോഗ്യതയുള്ളവരായി മാറുന്നത്. ബാക്കിയെല്ലാം ഭക്തിമാർഗ്ഗത്തിലെ കഥകളാണ്. ബാബയാണ് ശരിയായ കാര്യം മനസ്സിലാക്കിത്തരുന്നത്. ലക്ഷ്മിയെ സത്യയുഗത്തിലും നാരദനാകുന്ന ഭക്തനെ ദ്വാപരയുഗത്തിലുമാണ് കാണിക്കുന്നത്. സത്യയുഗത്തിൽ നാരദൻ എങ്ങനെ വന്നു. രാധയും കൃഷ്ണനുമാണ് സ്വയംവരത്തിനു ശേഷം ലക്ഷ്മീ-നാരായണനായി മാറുന്നത്. ഇതും ഭാരതവാസികൾക്ക് അറിയില്ല. എത്ര അജ്ഞതയാകുന്ന അന്ധകാരത്തിലാണ്. ബാബ മംഗളകാരിയാണ്. നിങ്ങളേയും ബാബ മംഗളകാരിയാക്കി മാറ്റുന്നു. മറ്റുള്ളവർക്ക് എങ്ങനെ മനസ്സിലാക്കിക്കൊടുക്കും എന്ന് വിചാരസാഗര മഥനം ചെയ്യണം. ചിത്രങ്ങളെല്ലാം എങ്ങനെയുണ്ടാക്കാം എന്ന് ബാബ മനസ്സിലാക്കിത്തരുന്നു. ഗാന്ധിജിയുടെ നാഭിയിൽ നിന്നും നെഹ്റു വന്നു, വിഷ്ണുവെന്ന ദേവത എവിടെ കിടക്കുന്നു, ഈ മനുഷ്യരെവിടെ കിടക്കുന്നു.... ഈ കാര്യങ്ങളെയെല്ലാം ഇപ്പോഴാണ് നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നത്. നിങ്ങളിൽ സംഖ്യാക്രമമനുസരിച്ചാണ് സന്തോഷമുണ്ടാകുന്നത്. നമ്മളെ പരിധിയില്ലാത്ത ബാബയാണ് പഠിപ്പിക്കുന്നത്. ഇങ്ങനെ ഒരിക്കലും കേട്ടിട്ടില്ല. കാരണം ഗീതയിൽ കൃഷ്ണഭഗവാനുവാച എന്നാണ് എഴുതിയിരിക്കുന്നത്. ഭഗവാൻ എപ്പോഴാണ് വന്നത്, എപ്പോഴാണ് ഗീത കേൾപ്പിച്ചത്! അതിന്റെ തിയതിയും മാസവുമൊന്നുമില്ല. കൽപത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷങ്ങളെന്നാണ് പറയുന്നത്. ആരുടേയും ബുദ്ധിയിൽ വരുന്നില്ല. ഇപ്പോൾ ബാബ മനസ്സിലാക്കിത്തരികയാണ്. ബ്രാഹ്മണരുടെ വൃക്ഷം വളർന്നുകൊണ്ടിരിക്കുകയാണ്. വൃദ്ധി പ്രാപിച്ച്-പ്രാപിച്ച് എണ്ണമറ്റതായി മാറും. വർണ്ണങ്ങളിലൂടെ എങ്ങനെയാണ് ചക്രം കറങ്ങുന്നതെന്ന് നിങ്ങൾ കുട്ടികൾക്കറിയാം. നമ്മൾ ബ്രാഹ്മണരുടെ വർണ്ണം ഏറ്റവും ഉയർന്നതാണ്. നമ്മൾ ഭാരതത്തിന്റെ ഗുപ്തവും സത്യവുമായ ആത്മീയ സാമൂഹ്യസേവകരാണ്. നമ്മളിലൂടെയാണ് പരമപിതാ പരമാത്മാവ് സേവനം ചെയ്യിപ്പിക്കുന്നത്. നമ്മൾ ആത്മീയസേവനമാണ് ചെയ്യുന്നത്. മനുഷ്യർ ഭൗതീകമായ സേവനമാണ് ചെയ്യുന്നത്. ഭാരതത്തിനുവേണ്ടി എന്തു സേവനമാണ് ചെയ്യുന്നത് എന്ന് നിങ്ങളോട് ചോദിക്കുന്നു? അപ്പോൾ പറയൂ-ഞങ്ങൾ ആത്മീയ സേവാധാരികളാണ്. സ്വർഗ്ഗത്തിന്റെ ഉദ്ഘാടനവും സ്ഥാപനയും ചെയ്യിക്കുന്നു. ശിവബാബ ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമാണ്. ശിവബാബയാണ് ചെയ്യിക്കുന്നത്. ബാബ ചെയ്യുന്നുമുണ്ട്. മുരളി ആരാണ് കേൾപ്പിക്കുന്നത്? അപ്പോൾ കർമ്മമല്ലേ ചെയ്യുന്നത്! നിങ്ങളേയും മുരളി കേൾപ്പിക്കാൻ പഠിപ്പിക്കുന്നു. മൻമനാഭവ എന്ന മഹാമന്ത്രവും നൽകുന്നു. കർമ്മവും പഠിപ്പിച്ചില്ലേ. പിന്നീട് മറ്റുള്ളവരേയും പഠിപ്പിക്കാൻ പറയുന്നു. അതുകൊണ്ടാണ് ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമെന്ന് പറയുന്നത്. നിങ്ങൾ കുട്ടികളും ഈ പാഠങ്ങൾ തന്നെയാണ് നൽകുന്നത്- ബാബയേയും സമ്പത്തിനേയും ഓർമ്മിക്കൂ. നിങ്ങൾ കുട്ടികൾ ഈ സന്ദേശമാണ് എത്തിക്കേണ്ടത്. മറ്റുള്ളവർക്ക് നിർദേശം കൊടുത്തതിനു ശേഷം സ്വയം ഓർമിക്കുന്നില്ലെങ്കിൽ പിന്നെ എന്താണ് സംഭവിക്കുക! മറ്റുള്ളവരെല്ലാം പുരുഷാർത്ഥം ചെയ്ത് മുന്നോട്ട് പോകും, സന്ദേശം കേൾപ്പിക്കുന്നവർ പിറകിലായിപ്പോകും. ഓർമ്മയിലിരിക്കാനുള്ള പുരുഷാർത്ഥം ചെയ്തില്ലെങ്കിൽ ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കില്ല. മറ്റുള്ളവരെല്ലാം ഓർമ്മയുടെ യാത്രയിലൂടെ പാവനമായി മാറും. ബാബ ബന്ധനസ്ഥരായ അമ്മമാരുടെ ഉദാഹരണം പറയാറുണ്ടല്ലോ. അവർ കൂടുതൽ സമയം ഓർമ്മയിൽ ഇരിക്കുന്നു. ബാബയെ കാണാതെ തന്നെ അവർ കത്തുകളെഴുതുന്നു-ബാബാ! ഞങ്ങൾ അങ്ങയുടേതായി മാറിക്കഴിഞ്ഞു, തീർച്ചയായും പവിത്രമായി ജീവിക്കും. നിങ്ങൾക്ക് ബാബയോട് പ്രീതബുദ്ധിയാണ്. നിങ്ങളുടെ മാലയാണ് ഉണ്ടാക്കിയിട്ടുള്ളത്. വിഷ്ണുവിന്റെ മാലയിലും രുദ്രമാലയിലും മുകളിലായിട്ടാണ് ജോഡി കാണിച്ചിരിക്കുന്നത്. മാലയിലെ ആദ്യത്തെ പൂവിനേയും രണ്ടു മുത്തിനെയുമാണ് നമസ്കരിക്കുന്നത്. പിന്നീടാണ് മുത്തുകളുള്ളത്. നിങ്ങളാണ് ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുന്നത്. അതിനാൽ ഈ മാല നിങ്ങളുടെ തന്നെ ഓർമ്മചിഹ്നമാണ്. ബാബയാണ് ഈ ഗീതാജ്ഞാനയജ്ഞം രചിച്ചത്. ഈ യജ്ഞത്തിൽ മുഴുവൻ പഴയ ലോകവും സ്വാഹയാകും. ബാബ അതിസ്നേഹിയായ പിതാവാണ്. നിങ്ങൾക്ക് ഭാവിയിലെ 21 ജന്മത്തിലേക്കു വേണ്ടി സദാ സുഖത്തിന്റെ സമ്പത്ത് നൽകുന്നു. ഡ്രാമയുടെ പദ്ധതിയനുസരിച്ച് കൽപം മുമ്പ് സമ്പത്തെടുത്തവർ തീർച്ചയായും വരും. ബാബ പറയുന്നു-കുട്ടികളേ, സുഖധാമത്തിലേക്ക് പോകാൻ പാവനമായി മാറണം. ബാബയെ ഓർമ്മിക്കൂ, കൃപ കാണിക്കൂ, സഹായിക്കൂ എന്നെല്ലാം പറഞ്ഞ് ഒന്നും യാചിക്കരുത്. ഇല്ല. ബാബ എല്ലാവരേയും സഹായിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾക്കാണ് പുരുഷാർത്ഥം ചെയ്യേണ്ടത്. ആശീർവാദത്തിന്റെ കാര്യമില്ല. ബാബ പറയുന്നു-എന്നെ മാത്രം ഓർമ്മിക്കൂ. ഓർമ്മിക്കേണ്ടത് നിങ്ങളുടെ കർത്തവ്യമാണ്. നിർദ്ദേശം നൽകുന്നത് തന്നെയാണ് ബാബയുടെ കൃപ. പിന്നെ കഴിക്കുകയോ കുടിക്കുകയോ കറങ്ങുകയോ ചെയ്യൂ.... നിങ്ങൾ പവിത്രമായ ഭോജനമാണ് കഴിക്കേണ്ടത്. നമ്മളാണ് ദേവീ-ദേവതയായി മാറുന്നത്. സത്യയുഗത്തിൽ ഉള്ളിയും വെളുത്തുള്ളിയുമൊന്നും ഉണ്ടായിരിക്കുകയില്ല. ഇതെല്ലാം ഇവിടെ ഉപേക്ഷിക്കണം. ഈ വസ്തുക്കളൊന്നും സത്യയുഗത്തിൽ ഉണ്ടായിരിക്കുകയില്ല. വിത്ത് തന്നെയില്ല. സത്യയുഗത്തിൽ രോഗങ്ങളൊന്നുമുണ്ടാകില്ല എന്നാലിപ്പോൾ നോക്കൂ, എത്ര രോഗങ്ങളാണ് ഉണ്ടാകുന്നത്. സത്യയുഗത്തിൽ തമോഗുണിയായ ഒരു വസ്തുവും ഉണ്ടായിരിക്കുകയില്ല. ഓരോ വസ്തുവും സതോപ്രധാനമായിരിക്കും. ഇവിടെ മനുഷ്യർ നോക്കൂ, എന്തെല്ലാമാണ് കഴിക്കുന്നത്! ഇപ്പോൾ ബാബ കുട്ടികളോട് പറയുന്നു- നിങ്ങൾ എന്നെ ഓർമ്മിക്കൂ, മറ്റെല്ലാ സംഗവും ഉപേക്ഷിച്ച് എന്നോട് കൂട്ട് കൂടൂ എങ്കിൽ നിങ്ങൾ പാവനമായി മാറും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) കഴിഞ്ഞത് കഴിഞ്ഞൂ. കഴിഞ്ഞതിനെ മറന്ന് ഗൃഹസ്ഥത്തിലിരുന്നുകൊണ്ടും സതോപ്രധാനമായി മാറാനുള്ള പുരുഷാർത്ഥം ചെയ്യണം. വിനാശത്തിനു മുമ്പ് തീർച്ചയായും പാവനമായി മാറണം.

2) ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റാനുള്ള സത്യം-സത്യമായ സേവനത്തിൽ മുഴുകിയിരിക്കണം. കഴിക്കുന്നതും കുടിക്കുന്നതും വളരെ ശുദ്ധമായിരിക്കണം. പവിത്രമായ ഭോജനം മാത്രം കഴിക്കണം.

വരദാനം :-
സ്ഥൂലകാര്യങ്ങൾ ചെയ്തുകൊണ്ടും തന്റെ മനോവൃത്തിയിലൂടെ വിശ്വപരിവർത്തന സേവനത്തിന്റെ ഉത്തരവാദിത്തങ്ങൾ ചെയ്യുന്ന ആത്മാക്കളായി ഭവിക്കട്ടെ.

ഏതൊരു സ്ഥൂലകാര്യം ചെയ്യുമ്പോഴും സദാ ഈ സ്മൃതിയുണ്ടായിരിക്കണം ഞാൻ വിശ്വനാടകവേദിയിൽ വിശ്വമംഗളത്തിന്റെ സേവനങ്ങൾ ചെയ്യാൻ നിമിത്തമാണ്.എനിക്ക് എന്റെ ശ്രേഷ്ഠമായ മനോവൃത്തിയിലൂടെ വിശ്വപരിവർത്തനം ചെയ്യാനുള്ള വലിയ ഉത്തരവാദിത്തമാണ് ലഭിച്ചിട്ടുള്ളത്.ഈ സ്മൃതിയിലൂടെ അശ്രദ്ധ സമാപ്തമാകും മാത്രമല്ല സമയം വ്യർത്ഥമാകുകയുമില്ല.ഓരോരോ സെക്കന്റിനേയും അമൂല്യമെന്ന് മനസ്സിലാക്കി വിശ്വമംഗളം അഥവാ ജഢത്തെ ചൈതന്യമാക്കി പരിവർത്തനം ചെയ്യുന്ന കർത്തവ്യം സഫലമാക്കിക്കൊണ്ടിരിക്കും.

സ്ലോഗന് :-
ഇപ്പോൾ യോദ്ധാവായി മാറുന്നതിനുപകരം നിരന്തര യോഗികളായി മാറൂ.

അവ്യക്തസൂചന-ജ്വാലാസ്വരൂപ സ്ഥിതിയിൽ ഇരുന്നുകൊണ്ട് ശക്തിശാലി ഓർമ്മയുടെ അനുഭവം ചെയ്യൂ..

എങ്ങിനെയാണോ ദുഃഖിതരായ ആത്മാക്കളുടെ മനസ്സിൽ ഇപ്പോൾ വിനാശം ഉണ്ടാകും എന്ന തോന്നൽ ഉണ്ടാകുന്നത്, അതുപോലെ താങ്കൾ വിശ്വകല്യാണകാരികളായ ആത്മാക്കളുടെ മനസ്സിൽ ഇപ്പോൾ പെട്ടെന്നുതന്നെ എല്ലാവരുടേയും മംഗളമുണ്ടാകട്ടെ അതിനുശേഷം മാത്രമേ സമാപ്തിയുണ്ടാവുകയുള്ളൂ എന്ന സങ്കൽപമാണ് ഉയരേണ്ടത്. വിനാശകാരികൾക്ക് മംഗളകാരികളായ ആത്മാക്കളുടെ സങ്കൽപങ്ങളിലൂടെ സൂചന ലഭിക്കണം. അതിനായി താങ്കൾ എവർറെഡിയാകുന്നതിനുള്ള പവർഫുൾ സങ്കൽപത്തിലൂടെയും ജ്വാലാസ്വരൂപയോഗത്തിലൂടെയും വിനാശജ്വാലയെ ആളിക്കത്തിക്കണം.