മധുരമായ കുട്ടികളേ - ദേഹീ
അഭിമാനിയായി മാറൂ എങ്കില് ശീതളമായിതീരും, വികാരങ്ങളുടെ ദുര്ഗ്ഗന്ധം ഇല്ലാതാകും,
അന്തര്മുഖിയാകും, പുഷ്പമായി മാറുകയും ചെയ്യും
ചോദ്യം :-
ബാപ്ദാദ എല്ലാ കുട്ടികള്ക്കും നല്കുന്ന രണ്ട് വരദാനങ്ങള് ഏതെല്ലാമാണ്? അവയെ
സ്വരൂപത്തിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള വിധി എന്താണ്?
ഉത്തരം :-
ബാബ എല്ലാ
കുട്ടികള്ക്കും ശാന്തിയുടേയും സുഖത്തിന്റേയും വരദാനം നല്കുന്നു. ബാബ പറയുന്നു-
കുട്ടികളേ, നിങ്ങള് ശാന്തമായിരിക്കുന്നതിനുള്ള അഭ്യാസം ചെയ്യൂ. ആരെങ്കിലും
തലതിരിഞ്ഞ കാര്യങ്ങള് ചോദിക്കുകയാണെങ്കില് നിങ്ങള് നല്കരുത്. നിങ്ങള്
ശാന്തമായിരിക്കണം. വ്യര്ത്ഥകാര്യങ്ങള് സംസാരിക്കരുത്. ആര്ക്കും ദുഃഖം നല്കരുത്.
വായില് ശാന്തിയാകുന്ന നാണയം ഇടൂ (മൗനമായിരിക്കൂ) എങ്കില് ഈ രണ്ട് വരദാനങ്ങളും
സ്വരൂപത്തിലേയ്ക്ക് വരും.
ഓംശാന്തി.
മധുര മധുരമായ കുട്ടികള് ചിലപ്പോള് സന്മുഖത്താണ്, ചിലപ്പോള് ദൂരെയായിരിക്കും.
ആരാണോ ഓര്മ്മിക്കുന്നത് അവരാണ് സന്മുഖത്ത് ഇരിക്കുന്നത് എന്തുകൊണ്ടെന്നാല്
ഓര്മ്മയുടെ യാത്രയിലാണ് എല്ലാം അടങ്ങിയിരിക്കുന്നത്. ദൃഷ്ടികൊണ്ട് സായൂജ്യമടഞ്ഞു
എന്ന് പാടാറില്ലേ. ആത്മാവിന്റെ ദൃഷ്ടി പരമാത്മാവിനുനേര്ക്ക് പോകുന്നു മറ്റൊന്നും
ആത്മാവിന് നല്ലതായി തോന്നില്ല. ഭഗവാനെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മം
വിനാശമാകുന്നു. എങ്കില് തന്റെ മേല് എത്ര ശ്രദ്ധ വെയ്ക്കണം.
ഓര്മ്മിക്കുന്നില്ലെങ്കില് മായയ്ക്ക് മനസ്സിലാകും - ഇവരുടെ യോഗം
മുറിഞ്ഞിരിക്കുകയാണ് അതിനാല് എന്നിലേക്ക് ആകര്ഷിക്കാം. എന്തെങ്കിലും തലതിരിഞ്ഞ
കര്മ്മങ്ങള് ചെയ്യിക്കും. ഇങ്ങനെ ബാബയുടെ നിന്ദ ചെയ്യിക്കുന്നു.
ഭക്തിമാര്ഗ്ഗത്തില് പാടാറുണ്ട്- ബാബാ എനിക്ക് അങ്ങുമാത്രമേയുള്ളു രണ്ടാമത്
ഒരാളില്ല. അതുകൊണ്ട് ബാബ പറയുന്നു- കുട്ടികളേ, ലക്ഷ്യം വളരെ ഉയര്ന്നതാണ്.
ജോലികള് ചെയ്തുകൊണ്ടും ബാബയെ ഓര്മ്മിക്കുക- ഇതാണ് ഉയര്ന്നതിലും ഉയര്ന്ന ലക്ഷ്യം.
ഇതില് വളരെ നല്ല അഭ്യാസം ആവശ്യമാണ്. ഇല്ലെങ്കില് തലതിരിഞ്ഞ കര്മ്മം ചെയ്യുന്ന
നിന്ദകനായി മാറും. ചിന്തിക്കൂ ആര്ക്കെങ്കിലും ദേഷ്യം വന്നു പരസ്പരം വഴക്കടിച്ചു,
അതും നിന്ദയല്ലേ, അതിനാല് ഇതില് വളരെ ശ്രദ്ധ വേണം. ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞു
കൊണ്ടും ബുദ്ധി ബാബയില് മുഴുകണം. ആരും സമ്പൂര്ണ്ണമായി എന്നല്ല. നമുക്ക് ദേഹീ
അഭിമാനിയായി മാറണം എന്ന രീതിയില് പരിശ്രമിക്കണം. ദേഹാഭിമാനത്തില് വരുന്നതിനാല്
എന്തെങ്കിലും തലതിരിഞ്ഞ കര്മ്മങ്ങള് ചെയ്യുന്നു ഇത് ബാബയുടെ നിന്ദ ചെയ്യിക്കലാണ്.
ബാബ പറയുന്നു ഇങ്ങനെ സദ്ഗുരുവിന്റെ നിന്ദ ചെയ്യിക്കുന്നവര്ക്ക് ലക്ഷ്മീ
നാരായണന്റെ പദവി പ്രാപ്തമാക്കാന് സാധിക്കില്ല അതിനാല് പൂര്ണ്ണമായി പുരുഷാര്ത്ഥം
ചെയ്യൂ, ഇതിലൂടെ നിങ്ങള് വളരെ ശീതളമായി മാറും. 5 വികാരങ്ങളുടെ മുഴുവന്
കാര്യങ്ങളും ഇല്ലാതാകും. ബാബയില് നിന്നും വളരെ അധികം ശക്തി ലഭിക്കും.
ജോലികാര്യങ്ങളും ചെയ്യണം. ബാബ കര്മ്മം ചെയ്യരുത് എന്നല്ല പറയുന്നത്. അവിടെ
നിങ്ങളുടെ കര്മ്മം അകര്മ്മമായിരിക്കും. കലിയുഗത്തില് കര്മ്മം വികര്മ്മമായി
മാറുന്നു. ഇപ്പോള് സംഗമയുഗത്തില് നിങ്ങള്ക്ക് പഠിക്കണം. അവിടെ പഠിക്കേണ്ട
കാര്യമില്ല. ഇവിടെ നിന്നുള്ള പഠിപ്പാണ് അവിടെ കൂടെയുണ്ടാവുക. ബാബ കുട്ടികള്ക്ക്
മനസ്സിലാക്കിത്തരുന്നു- ബഹിര്മുഖത നല്ലതല്ല. അന്തര്മുഖിയായി ഭവിക്കൂ. നിങ്ങള്
കുട്ടികള് അന്തര്മുഖിയായി മാറുന്ന സമയവും വരും. ബാബയെ അല്ലാതെ മറ്റൊന്നും
ഓര്മ്മ വരില്ല. നിങ്ങള് വന്നതും അങ്ങനെയായിരുന്നു, ആരുടേയും
ഓര്മ്മയുണ്ടായിരുന്നില്ല. ഗര്ഭത്തില് നിന്നും പുറത്ത് വന്നപ്പോളാണ് മനസ്സിലായത്
ഇത് നമ്മുടെ മാതാവും പിതാവുമാണ്, ഇത് ഇന്നയാളാണ്. അതുകൊണ്ട് ഇപ്പോള് പോകേണ്ടതും
അങ്ങനെയാണ്. നമ്മള് ഒരേ ഒരു ബാബയുടേതാണ് ബാബയുടെ ഓര്മ്മയല്ലാതെ മറ്റൊന്നും
ബുദ്ധിയില് വരരുത്. തീര്ച്ചയായും സമയമുണ്ട് എന്നാല് പുരുഷാര്ത്ഥം പൂര്ണ്ണമായി
ചെയ്യണം. ശരീരത്തിനുമേല് യാതൊരു ഉറപ്പുമില്ല. പരിശ്രമിച്ചുകൊണ്ടേയിരിക്കണം,
വീട്ടിലും വളരെ അധികം ശാന്തിയുണ്ടാകണം, ക്ലേശമുണ്ടാകരുത്. ഇല്ലെങ്കില് പറയും
ഇവരില് എത്ര അശാന്തിയാണ്. നിങ്ങള് കുട്ടികള്ക്ക് വളരെ ശാന്തമായിക്കഴിയണം.
നിങ്ങള് ശാന്തിയുടെ സമ്പത്ത് എടുക്കുകയല്ലേ. ഇപ്പോള് നിങ്ങള് ഇരിക്കുന്നത്
മുള്ളുകളുടെ നടുവിലാണ്. പുഷ്പങ്ങളുടെ നടുവിലല്ല. മുള്ളുകളുടെ നടുവിലിരുന്ന്
പുഷ്പമാകണം. മുള്ളിനേക്കാള് വലിയ മുള്ളാകരുത്. നിങ്ങള് എത്രത്തോളം ബാബയെ
ഓര്മ്മിക്കുന്നുവോ അത്രയും ശാന്തമായി മാറും. ആരെങ്കിലും തലതിരിഞ്ഞ കാര്യങ്ങള്
സംസാരിച്ചാല് നിങ്ങള് ശാന്തമായിരിക്കൂ. ആത്മാവുതന്നെ ശാന്തിയാണ്. ആത്മാവിന്റെ
സ്വധര്മ്മം ശാന്തിയാണ്. നിങ്ങള്ക്കറിയാം നമുക്ക് ഇപ്പോള് വീട്ടിലേയ്ക്ക് പോകണം.
ബാബ ശാന്തിയുടെ സാഗരമാണ്. പറയുന്നു നിങ്ങള്ക്കും ശാന്തിയുടെ സാഗരമായി മാറണം.
അനാവശ്യമായി പിറുപിറുത്തുകൊണ്ടിരുന്നാല് അത് വളരെ അധികം നഷ്ടമുണ്ടാക്കും. ബാബ
നിര്ദേശം നല്കുകയാണ്- ഇങ്ങനെയുള്ള കാര്യങ്ങള് ചെയ്യരുത്, അതിലൂടെ നിങ്ങള്
ബാബയുടെ നിന്ദ ചെയ്യിക്കുകയാണ്. ശാന്തിയില് ഒരു നിന്ദയും വികര്മ്മവും
ഉണ്ടാകുന്നില്ല. ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നതിലൂടെ വികര്മ്മം വിനാശമാവുകയും
ചെയ്യും. സ്വയം അശാന്തമാകരുത്, മറ്റുള്ളവരേയും അശാന്തരാക്കരുത്. ആര്ക്കെങ്കിലും
ദുഃഖം നല്കിയാല് ആ ആത്മാക്കള് പിണങ്ങും. വളരെ അധികം പേര് റിപ്പോര്ട്ട്
എഴുതാറുണ്ട്- ബാബാ ഇന്നയാള് വീട്ടില് വന്ന് ഒരുപാട് പ്രശ്നങ്ങള് സൃഷ്ടിക്കുന്നു.
ബാബ എഴുതുന്നു നിങ്ങള് നിങ്ങളുടെ സ്വധര്മ്മമായ ശാന്തിയില് ഇരിക്കൂ.
ഹാത്മതായിയുടെ(അറബിക്കഥയിലെ ഒരു കഥാപാത്രം) ഒരു കഥയുമുണ്ടല്ലോ, പറഞ്ഞു നിങ്ങള്
വായില് നാണയമിടൂ എങ്കില് ശബ്ദം പുറത്തുവരില്ല. സംസാരിക്കാന് കഴിയില്ല.
നിങ്ങള് കുട്ടികള് ശാന്തമായിരിക്കണം. മനുഷ്യരാണെങ്കില് ശാന്തിക്കുവേണ്ടി ഒരുപാട്
അലയുന്നു. നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മുടെ മധുരമായ ബാബ ശാന്തിയുടെ
സാഗരനാണ്. ശാന്തമാക്കി ശാന്തമാക്കി വിശ്വത്തില് ശാന്തി സ്ഥാപിക്കുന്നു. തന്റെ
ഭാവിയിലെ പദവിയേയും ഓര്മ്മിക്കൂ. അവിടെ ഒരു ധര്മ്മമേ ഉണ്ടാകൂ, രണ്ടാമത് ഒന്ന്
ഉണ്ടാകില്ല. വിശ്വത്തില് ശാന്തിയെന്ന് അതിനെത്തന്നെയാണ് പറയുന്നത്. പിന്നീട്
എപ്പോഴാണോ മറ്റു ധര്മ്മങ്ങള് വരുന്നത് അപ്പോഴാണ് ബഹളങ്ങള് തുടങ്ങുന്നത്. ഇപ്പോള്
എത്ര ശാന്തിയുണ്ട്. നമ്മുടെ വീട് അതാണ് എന്ന് മനസ്സിലാക്കുന്നുണ്ട്. നമ്മുടെ
സ്വധര്മ്മം ശാന്തിയാണ്. ശരീരത്തിന്റെ സ്വധര്മ്മമാണ് ശാന്തി എന്നു പറയാറില്ല.
ശരീരം നശിക്കുന്ന വസ്തുവാണ്, ആത്മാവ് അവിനാശിയാണ്. എത്ര സമയം ആത്മാക്കള് അവിടെ
ഇരിക്കുന്നുവോ അത്രയും സമയം എത്ര ശാന്തമായാണ് ഇരിക്കുന്നത്. ഇവിടെയാണെങ്കില്
മുഴുവന് ലോകവും അശാന്തമാണ് അതിനാലാണ് ശാന്തി യാചിക്കുന്നത്. പക്ഷേ ആരെങ്കിലും
സദാ ശാന്തിയില് ഇരിക്കണം എന്നു ചിന്തിക്കുകയാണെങ്കില് അത് സാധ്യമല്ല. അഥവാ 63
ജന്മവും അവിടെ ഇരുന്നാലും പിന്നെയും വരികതന്നെ വേണം. തന്റെ സുഖ-ദുഃഖത്തിന്റെ
പാര്ട്ട് അഭിനയിച്ചിട്ട് വീണ്ടും തിരിച്ചുപോകും. ഡ്രാമയെ നല്ലരീതിയില്
ബുദ്ധിയില് വയ്ക്കണം.
ബാബ നമുക്ക് സുഖത്തിന്റേയും ശാന്തിയുടേയും വരദാനം നല്കുകയാണ് എന്ന കാര്യം
നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഉണ്ടാവണം. ബ്രഹ്മാവിന്റെ ആത്മാവും എല്ലാം
കേള്ക്കുന്നുണ്ട്. ഏറ്റവും അടുത്തുള്ള ഇദ്ദേഹത്തിന്റെ കാതുകളാണ് ആദ്യം
കേള്ക്കുന്നത്. ഇദ്ദേഹത്തിന്റെ മുഖത്തിന് സമീപത്ത് തന്നെയല്ലേ കാതുകള്.
നിങ്ങളുടേത് പിന്നെയും ദൂരെയാണ്. ബ്രഹ്മാവ് പെട്ടെന്ന് കേള്ക്കും. എല്ലാ കാര്യവും
മനസ്സിലാക്കാന് സാധിക്കും. ബാബ പറയുന്നു മധുര മധുരമായ കുട്ടികളേ! മധുര
മധുരമായവര് എന്ന് എല്ലാവരേയും വിളിക്കും കാരണം എല്ലാവരും കുട്ടികളാണ്. എത്ര
ജീവാത്മാക്കളുണ്ടോ അവര് എല്ലാവരും ബാബയുടെ അവിനാശിയായ കുട്ടികളാണ്. ശരീരം
വിനാശിയാണ്. ബാബ അവിനാശിയാണ്. കുട്ടികളായ ആത്മാക്കളും അവിനാശിയാണ്. ബാബ
കുട്ടികളോട് സംസാരിക്കുകയാണ്- ഇതിനെയാണ് ആത്മീയ ജ്ഞാനം എന്ന് പറയുന്നത്.
പരമാത്മാവ് ഇരുന്ന് ആത്മാക്കള്ക്ക് മനസ്സിലാക്കിത്തരികയാണ്. ബാബയ്ക്ക്
തീര്ച്ചയായും സ്നേഹമുണ്ട്. ഏതെല്ലാം ആത്മാക്കളുണ്ടോ എല്ലാവരും തമോപ്രധാനമാണ്.
എപ്പോഴാണോ ഇവരെല്ലാവരും വീട്ടിലായിരുന്നത് അപ്പോള് സതോപ്രധാനമായിരുന്നു എന്നറിയാം.
കല്പ-കല്പം ഞാന് വന്ന് എല്ലാവര്ക്കും ശാന്തിയുടെ വഴി പറഞ്ഞുകൊടുക്കുന്നു. വരം
നല്കുന്ന കാര്യമല്ല. ധനവാനായി ഭവിയ്ക്കട്ടെ, ദീര്ഘായുസ്സുള്ളവരായി ഭവിയ്ക്കട്ടെ
എന്ന് പറയുകയല്ല. സത്യയുഗത്തില് നിങ്ങള് ഇങ്ങനെയുള്ളവരായിരുന്നു പക്ഷേ ആശീര്വാദം
നല്കിയിരുന്നില്ല. കൃപയോ ആശീര്വാദമോ യാചിക്കേണ്ടതില്ല. ബാബ അച്ഛനുമാണ്
ടീച്ചറുമാണ്, ഈ കാര്യം ഓര്മ്മവെയ്ക്കണം. ആഹാ! ശിവബാബ അച്ഛനുമാണ്, ടീച്ചറുമാണ്,
ജ്ഞാനസാഗരനുമാണ്. ബാബ തന്നെയാണ് ഇരുന്ന് തന്റേയും രചനയുടെ ആദി മദ്ധ്യ
അന്ത്യത്തിന്റേയും ജ്ഞാനം കേള്പ്പിക്കുന്നത്, ഇതിലൂടെയാണ് നിങ്ങള്
ചക്രവര്ത്തിയായ മഹാരാജാവായി മാറുന്നത്. ഇത് മുഴുവന് പൂര്ണ്ണമായ ചക്രമല്ലേ. ബാബ
മനസ്സിലാക്കിത്തരുന്നു ഈ സമയത്ത് മുഴുവന് ലോകവും രാവണരാജ്യത്തിലാണ്. രാവണന്
കേവലം ലങ്കയിലല്ല ഉള്ളത്. ഇതാണ് പരിധിയില്ലാത്ത ലങ്ക. നാലുഭാഗത്തും വെള്ളമാണ്.
മുഴുവന് ലങ്കയും രാവണന്റേതായിരുന്നു, ഇപ്പോള് വീണ്ടും രാമന്റേതായി മാറുകയാണ്.
ലങ്ക സ്വര്ണ്ണത്തിന്റേതായിരുന്നു. അവിടെ ഒരുപാട് സ്വര്ണ്ണമുണ്ടാകും. ഒരു
ഉദാഹരണവും പറയുന്നുണ്ട് അതായത് ധ്യാനത്തിലേയ്ക്ക് പോയി അപ്പോള് ഇവിടെ
സ്വര്ണ്ണത്തിന്റെ ഇഷ്ടിക കണ്ടു. എങ്ങനെയാണോ ഇവിടെ മണ്ണുകൊണ്ടുള്ളത് അതുപോലെ
അവിടെ എല്ലാം സ്വര്ണ്ണംകൊണ്ടുള്ളതായിരിക്കും. അപ്പോള് സ്വര്ണ്ണം
എടുത്തുകൊണ്ടുപോകാം എന്ന് ചിന്തിച്ചു. എങ്ങനെ എങ്ങനെയെല്ലാമാണ് നാടകങ്ങള്
നിര്മ്മിക്കുന്നത്. ഭാരതം വളരെ പ്രശസ്തമാണ്, മറ്റൊരു ഖണ്ഢത്തിലും ഇത്രയും
വജ്രങ്ങളും വൈഡൂര്യങ്ങളും ഉണ്ടാവില്ല. ബാബ പറയുന്നു ഞാന് എല്ലാവരേയും
വഴികാട്ടിയായി തിരികെ കൊണ്ടുപോകും. വരൂ കുട്ടികളേ, ഇപ്പോള് വീട്ടിലേയ്ക്ക് പോകണം.
ആത്മാക്കള് പതിതമാണ്, പാവനമായി മാറാതെ വീട്ടിലേയ്ക്ക് തിരിച്ചുപോകാന്
സാധിക്കില്ല. പതിതരെ പാവനമാക്കി മാറ്റുന്നത് ബാബ മാത്രമാണ് അതിനാല് എല്ലാവരും
ഇവിടെത്തന്നെയുണ്ട്. ആര്ക്കും തിരിച്ചുപോകാന് സാധിക്കില്ല. നിയമമില്ല. ബാബ
പറയുന്നു- കുട്ടികളേ, മായ നിങ്ങളെ ഇതിലും ശക്തിയായി ദേഹാഭിമാനത്തിലേയ്ക്ക്
കൊണ്ടുവരും. ബാബയെ ഓര്മ്മിക്കാന് അനുവദിക്കില്ല. നിങ്ങള് വളരെ
ശ്രദ്ധയോടെയിരിക്കണം. ഇതിലാണ് യുദ്ധം. കണ്ണുകള് വളരെ അധികം ചതിക്കുന്നതാണ്. ഈ
കണ്ണുകളെ തന്റെ നിയന്ത്രണത്തില് വെയ്ക്കണം. സഹോദരീ സഹോദരന് എന്ന് പറഞ്ഞിട്ടും
ദൃഷ്ടി ശരിയല്ലെന്ന് കണ്ടു അതിനാല് ഇപ്പോള് മനസ്സിലാക്കിത്തരുകയാണ്
സഹോദര-സഹോദരനെന്ന് മനസ്സിലാക്കു. ഞങ്ങള് സഹോദരങ്ങളാണ് എന്ന് എല്ലാവരും
പറയാറുണ്ട്. പക്ഷേ ഒന്നും മനസ്സിലാക്കുന്നില്ല. തവള എങ്ങനെയാണോ ട്രോ-ട്രോ എന്ന്
കരയുന്നത് അതുപോലെ, അര്ത്ഥം ഒന്നും മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള് ഓരോ
കാര്യത്തിന്റേയും യഥാര്ത്ഥ അര്ത്ഥം മനസ്സിലാക്കിയിരിക്കുന്നു.
ബാബ ഇരുന്ന് മധുര-മധുരമായ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ് നിങ്ങള്
ഭക്തിമാര്ഗ്ഗത്തിലും പ്രിയതമകളായിരുന്നു, പ്രിയതമനെ ഓര്മ്മിക്കുമായിരുന്നു.
ദുഃഖത്തില് ഉടനെ തന്നെ ഈശ്വരനെ ഓര്മ്മിക്കും- അയ്യോ രാമാ! അല്ലയോ ഭഗവാനേ ദയ
കാണിക്കൂ! സ്വര്ഗ്ഗത്തില് ഒരിയ്ക്കലും ഇങ്ങനെ പറയില്ല. അവിടെ രാവണരാജ്യമേ
ഉണ്ടാകില്ല. നിങ്ങളെ രാമരാജ്യത്തിലേക്ക് കൊണ്ടുപോവുകയാണ് അതിനാല് ബാബയുടെ
നിര്ദ്ദേശമനുസരിച്ച് നടക്കണം. ഇപ്പോള് നിങ്ങള്ക്ക് ലഭിക്കുന്നത് ഈശ്വരീയ മതമാണ്
പിന്നീട് നിങ്ങള്ക്ക് ദൈവീക മതം ലഭിക്കും. ഈ മംഗളകാരിയായ സംഗമയുഗത്തെ ആരും
അറിയുന്നില്ല കാരണം എല്ലാവരോടും പറഞ്ഞിരിക്കുന്നത് കലിയുഗം ഇപ്പോഴും ചെറിയ
കുട്ടിയാണ്, ഇനിയും ലക്ഷക്കണക്കിന് വര്ഷങ്ങള് ബാക്കിയുണ്ട് എന്നാണ്. ബാബ
പറയുന്നു ഇതാണ് ഭക്തിയുടെ ഘോരാന്ധകാരം. ജ്ഞാനമാണ് വെളിച്ചം. ഡ്രാമയില് ഭക്തിയും
അടങ്ങിയിരിക്കുന്നു, ഇത് വീണ്ടും ഉണ്ടാകും. ഇപ്പോള് നിങ്ങള്
മനസ്സിലാക്കുന്നുണ്ട് ഭഗവാനെ ലഭിച്ചിരിക്കുന്നു ഇനി അലയേണ്ട ആവശ്യമില്ല. നിങ്ങള്
പറയുന്നു ഞങ്ങള് ബാബയുടെ അടുത്തേയ്ക്കാണ് പോകുന്നത് അഥവാ ബാപ്ദാദയുടെ
അടുത്തേയ്ക്കാണ് പോകുന്നത്. ഈ കാര്യങ്ങളെ മനസ്സിലാക്കാന് മനുഷ്യര്ക്ക്
സാധിക്കില്ല. നിങ്ങളിലും ആര്ക്കാണോ പൂര്ണ്ണമായ നിശ്ചയം ഇല്ലാത്തത് അവരെ മായ
പൂര്ണ്ണമായും വിഴുങ്ങുന്നു. ആനയെ മുതല പിടിച്ചതുപോലെ പിടികൂടുന്നു.
ആശ്ചര്യത്തോടെ കേട്ടു... പഴയവര് പോയി, അതിനും പാട്ടുണ്ട്, നല്ല-നല്ല
മഹാരഥികളെപ്പോലും മായ തോല്പ്പിക്കുന്നു. ബാബയ്ക്ക് എഴുതുന്നു- ബാബാ, അങ്ങ്
അങ്ങയുടെ മായയെ അയയ്ക്കരുത്. അതിന് ഇത് എന്റേതാണോ. രാവണനാണ് തന്റെ രാജ്യം
ഭരിക്കുന്നത്, നമ്മള് നമ്മുടെ രാജ്യം സ്ഥാപിക്കുകയാണ്. ഇത് പരമ്പരകളായി
നടന്നുവരുന്നതാണ്. രാവണനാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രു. രാവണന് ശത്രുവാണ്
എന്നത് അറിയാം, അതിനാലാണ് രാവണനെ വര്ഷാ വര്ഷം കത്തിക്കുന്നത്. മൈസൂരില് ദസറ വളരെ
ഗംഭീരമായി ആഘോഷിക്കുന്നു, പക്ഷേ ഒന്നും മനസ്സിലാക്കുന്നില്ല. നിങ്ങളുടെ പേര്
ശിവശക്തി സേന എന്നാണ്. പിന്നീട് അവര് പേര് മാറ്റി കേവലം സേനാ എന്നു മാത്രം വച്ചു.
നിങ്ങള്ക്ക് അറിയാം മുമ്പ് നമ്മള് കുരങ്ങിനെപ്പോലെയായിരുന്നു, രാവണനില് നിന്നും
വിജയം നേടുന്നതിനായി ഇപ്പോള് ശിവബാബയില് നിന്നും ശക്തി എടുത്തുകൊണ്ടിരിക്കുകയാണ്.
ബാബ തന്നെയാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് അനേകം കഥകളും
ഉണ്ടാക്കിയിട്ടുണ്ട്. അമരകഥ എന്നും പറയുന്നുണ്ട്. നിങ്ങള്ക്ക് അറിയാം ബാബ നമ്മെ
അമരകഥ കേള്പ്പിക്കുകയാണ്. അല്ലാതെ പര്വ്വതത്തിനുമുകളില് ഇരുന്നല്ല
കേള്പ്പിക്കുന്നത്. ശങ്കരന് പാര്വ്വതിയെ അമരകഥ കേള്പ്പിച്ചതായി പറയുന്നു.
ശിവശങ്കരന്റെ ചിത്രവും വെച്ചിട്ടുണ്ട്. രണ്ടുപേരെയും ഒന്നാക്കി. ഇതെല്ലാമാണ്
ഭക്തിമാര്ഗ്ഗം. ദിനം പ്രതിദിനം എല്ലാവരും തമോപ്രധാനമായി മാറുന്നു.
സതോപ്രധാനത്തില് നിന്നും സതോ ആയി മാറുമ്പോള് രണ്ട് കലകള് കുറയുന്നു.
വാസ്തവത്തില് ത്രേതായുഗത്തേയും സ്വര്ഗ്ഗം എന്ന് പറയാന് കഴിയില്ല. ബാബ വരുന്നത്
നിങ്ങള് കുട്ടികളെ സ്വര്ഗ്ഗവാസിയാക്കി മാറ്റാനാണ്. ബാബയ്ക്ക് അറിയാം ബ്രാഹ്മണ
കുലവും സൂര്യവംശീ- ചന്ദ്രവംശീ കുലവും ഇപ്പോള് സ്ഥാപിക്കപ്പെടുകയാണ്. രാമചന്ദ്രന്
ക്ഷത്രിയന്റെ അടയാളങ്ങള് നല്കിയിരിക്കുന്നു. നിങ്ങള് എല്ലാവരും ക്ഷത്രിയരല്ലേ,
നിങ്ങള് മായയ്ക്കുമേല് വിജയം നേടുകയാണ്. കുറഞ്ഞ മാര്ക്കോടെ പാസാകുന്നവരെയാണ്
ചന്ദ്രവംശീ എന്നു പറയുന്നത്, അതിനാലാണ് രാമന് ബാണം മുതലായവ നല്കിയിരിക്കുന്നത്.
ത്രേതായുഗത്തിലും ഹിംസയുണ്ടാകില്ല. മഹിമയുമുണ്ട് രാമ രാജാവ്, രാമ പ്രജ... പക്ഷേ
ഈ ക്ഷത്രിയന്റെ അടയാളങ്ങള് നല്കിയതുകണ്ട് ആളുകള് ആശയക്കുഴപ്പത്തിലാകുന്നു. ഈ
ആയുധങ്ങളൊന്നും ഉണ്ടാവില്ല. ശക്തികളുടെ കൈയ്യിലും വാളുകള് കാണിക്കുന്നു. ഒന്നും
മനസ്സിലാക്കുന്നില്ല. ബാബ ജ്ഞാനസാഗരനാണ് എന്നത് നിങ്ങള് കുട്ടികള് ഇപ്പോള്
മനസ്സിലാക്കി അതിനാല് ബാബ തന്നെയാണ് ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം
മനസ്സിലാക്കിത്തരുന്നത്. പരിധിയില്ലാത്ത ബാബയ്ക്ക് കുട്ടികളോട് എത്ര സ്നേഹമുണ്ടോ
അത്രയും സ്നേഹം പരിധിയുള്ള അച്ഛന് കുട്ടികളോട് ഉണ്ടാവുക സാധ്യമല്ല. 21
ജന്മങ്ങളിലേയ്ക്ക് കുട്ടികളെ സുഖദായിയാക്കി മാറ്റുന്നു. അപ്പോള് സ്നേഹിയായ
അച്ഛനല്ലേ! ബാബ എത്ര സ്നേഹിയാണ്, ബാബ നിങ്ങളുടെ മുഴുവന് ദുഃഖത്തേയും
ദൂരെയാക്കുന്നു. സുഖത്തിന്റെ സമ്പത്ത് ലഭിക്കുന്നു. അവിടെ ദുഃഖത്തിന്റെ പേരോ
അടയാളമോ പോലും ഉണ്ടായിരിക്കില്ല. ഇതിപ്പോള് ബുദ്ധിയില് ഉണ്ടായിരിക്കേണ്ടേ. ഇത്
ഒരിയ്ക്കലും മറക്കരുത്. എത്ര സഹജമാണ്, കേവലം മുരളി പഠിച്ച് കേള്പ്പിക്കണം,
എന്നിട്ടും ബ്രാഹ്മണി വേണം എന്നു പറയുന്നു. ബ്രാഹ്മണിയില്ലാതെ
ധാരണയുണ്ടാകുന്നില്ല. സത്യനാരായണന്റെ കഥ ചെറിയ കുട്ടികള് പോലും
ഓര്മ്മിച്ചുവെച്ച് കേള്പ്പിക്കുന്നു. ഞാന് നിങ്ങള്ക്ക് ദിവസവും
മനസ്സിലാക്കിത്തരുന്നു കേവലം അല്ലാഹുവിനെ മാത്രം ഓര്മ്മിക്കു. ഈ ജ്ഞാനം കേവലം 7
ദിവസങ്ങള്ക്കുള്ളില് ബുദ്ധിയില് ഇരിക്കണം. പക്ഷേ കുട്ടികള് മറന്നുപോകുന്നു, ബാബ
ഇതുകണ്ട് അത്ഭുതപ്പെടുന്നു. ശരി!
വളരെക്കാലത്തെ വേര്പാടുനുശേഷം തിരികെ കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയില്
നിന്നും ആശീര്വാദമോ കൃപയോ യാചിക്കരുത്. അച്ഛനേയും ടീച്ചറേയും സദ്ഗുരുവിനേയും
ഓര്മ്മിച്ച് സ്വയം തന്റെമേല് കൃപ കാണിക്കണം. മായയെ വളരെ ശ്രദ്ധിക്കണം, കണ്ണുകള്
ചതിക്കും, കണ്ണുകളെ തന്റെ നിയന്ത്രണത്തിലേയ്ക്ക് കൊണ്ടുവരണം.
2. അനാവശ്യമായ വ്യര്ത്ഥ
കാര്യങ്ങള് സംസാരിക്കുന്നത് വളരെ വലിയ നഷ്ടമുണ്ടാക്കും അതിനാല് എത്ര സാധിക്കുമോ
അത്രത്തോളം ശാന്തമായിരിക്കണം, വായില് നാണയം ഇടണം (മൗനമായിരിക്കണം). ഒരിയ്ക്കലും
തലതിരിഞ്ഞ കാര്യങ്ങള് സംസാരിക്കരുത്. ഒരിയ്ക്കലും സ്വയം അശാന്തരാകരുത്, ആരെയും
അശാന്തമാക്കുകയും അരുത്.
വരദാനം :-
ബാബയുടെ
സഹായത്തിലൂടെ തൂക്കുമരത്തെ മുള്ളാക്കി മാറ്റുന്ന സദാ നിശ്ചിന്തരും
സൂക്ഷിപ്പുകാരുമായി ഭവിക്കട്ടെ.
പഴയ കണക്കുകള്
തൂക്കുമരമാണ് പക്ഷെ ബാബയുടെ സഹായത്താല് അത് മുള്ളായി മാറുന്നു. പരിതസ്ഥിതികള്
തീര്ച്ചയായും വരിക തന്നെ ചെയ്യും എന്തുകൊണ്ടെന്നാല് അത് ഇവിടെത്തന്നെ
തീര്പ്പാക്കേണ്ടതുണ്ട്, പക്ഷെ ബാബയുടെ സഹായം അവയെ മുള്ളിന് സമാനമാക്കി
മാറ്റുന്നു, വലിയ പ്രശ്നത്തെ ചെറുതാക്കി മാറ്റുന്നു എന്തുകൊണ്ടെന്നാല് വലിയ
അച്ഛന് കൂടെയുണ്ട്. ഈ നിശ്ചയത്തിന്റെ ആധാരത്തില് സദാ നിശ്ചിന്തരായിരിക്കൂ ഒപ്പം
ട്രസ്റ്റിയായി എന്റെ എന്നതിനെ നിന്റെത് എന്ന് പരിവര്ത്തനപ്പെടുത്തി
ഭാരരഹിതരായിരിക്കൂ എങ്കില് എല്ലാ ഭാരവും ഒരു സെക്കന്റിനുള്ളില് സമാപ്തമാകും.
സ്ലോഗന് :-
ശുഭഭാവനയുടെ
സ്റ്റോക്കിലൂടെ നെഗറ്റിവിനെ പോസിറ്റിവിലേക്ക് പരിവര്ത്തനം ചെയ്യൂ.