22.11.26    Avyakt Bapdada     Malayalam Murli    03.04.2012     Om Shanti     Madhuban


എന്റേതിനെ നിന്റേത് എന്ന് മാറ്റി നിശ്ചിന്ത ചക്രവർത്തി ആകൂ. ബാബയുടെ സ്നേഹത്തിലും സേവനത്തിലും മനസ്സിനെ അത്രയധികം ബിസിയാക്കൂ, വ്യർത്ഥത്തിന് വരാൻ ഒട്ടും അവസരമില്ലാതിരിക്കണം.


ഇന്ന് ബാപ്ദാദ നാനാഭാഗത്തുമുള്ള തന്റെ നിശ്ചിന്ത ചക്രവർത്തിമാരെ കാണുകയാണ്. ഓരോ കുട്ടിയും രാവിലെയെഴുന്നേറ്റ് നിശ്ചിന്ത സ്ഥിതിയിൽ സ്ഥിതി ചെയ്താണ് ഓരോ കർമ്മവും ചെയ്യുന്നത്. ഈ നിശ്ചിന്ത ചക്രവർത്തിയുടെ ജീവിതം രാജപദവിയും അതേസമയം ഭാരങ്ങളൊന്നുമില്ലാത്ത അവസ്ഥയും എത്ര പ്രിയപ്പെട്ടതാണെന്ന് ഓരോ കുട്ടിയും അനുഭവിക്കുന്നുണ്ട്. കാരണം നിങ്ങളെല്ലാവരും നിങ്ങളുടെ ചിന്തകളെല്ലാം ബാബയ്ക്ക് നൽകി അഭിമാനം സ്വന്തമാക്കിയിരിക്കുന്നു. അതും അവിനാശിയായ അഭിമാനമാണ് സ്വന്തമാക്കിയത്. ഈ ചിന്തകളില്ലാത്ത ജീവിതം എത്ര മനോഹരമാണെന്ന് ഓരോരുത്തരും അനുഭവിക്കുന്നു. രാവും പകലും ഒരു കാര്യത്തെക്കുറിച്ചും ചിന്തയില്ല, മറിച്ച് അഭിമാനമാണുള്ളത്. അറിയാമല്ലോ, ഈ ഭാരമില്ലാതെ ജീവിക്കുന്ന അവസ്ഥ ബാബ ഈ ഒരു ജന്മത്തേക്ക് മാത്രമല്ല, അനേകം ജന്മങ്ങളിലേക്ക് നിങ്ങളെ ചിന്തകളില്ലാത്ത ചക്രവർത്തിമാരാക്കി മാറ്റിയിരിക്കുന്നു. ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്നുണ്ട് ചിന്തകളില്ലാത്ത ജീവിതമാണെങ്കിൽ എപ്പോഴും നെറ്റിയിൽ ദിവ്യജ്യോതി പ്രകാശിച്ചുകൊണ്ടിരിക്കും. എന്നാൽ ചിന്തകളുണ്ടെങ്കിൽ തലയിൽ പലതരത്തിലുള്ള ദുഃഖങ്ങളുടെ കുട്ട പേറേണ്ടി വരുന്നു. ഈ ചിന്തകളില്ലാത്ത ജീവിതത്തിന്റെ രീതി വളരെ എളുപ്പമുള്ളതാണ്. പരിധിയുള്ള ഏതൊക്കെ എന്റേത് എന്ന് കരുതുന്നുവോ, അതിനെയെല്ലാം നിന്റേത് ആക്കി മാറ്റി. എന്റേത്, നിന്റേത് എന്നിവയിൽ ഒരു അക്ഷരത്തിന്റെ വ്യത്യാസം മാത്രമേയുള്ളൂ 'മേ' യും 'തേ' യും. എന്നാൽ എന്റേത് എന്നതിനെ നിന്റേത് ആക്കിയപ്പോൾ ജീവിതം എത്ര സന്തോഷമുള്ളതായി മാറി! ആയി മാറിയില്ലേ! തലയാട്ടൂ, ആയി മാറി! ചിന്തകളില്ലാത്ത ജീവിതമായി മാറി! കാരണം ചിന്തകളുള്ള ജീവിതത്തിന്റെ അടിസ്ഥാനം വ്യർത്ഥ സങ്കല്പങ്ങളാണ്. അതുകൊണ്ട് ഇപ്പോൾ ബാപ്ദാദ ഓരോ കുട്ടികളിൽ നിന്നും ആഗ്രഹിക്കുന്നത്, ഒരു കുട്ടിയുടെ ഉള്ളിലും വ്യർത്ഥ സങ്കല്പത്തിന്റെ അടയാളം പോലും ബാക്കിയുണ്ടാകരുത് എന്നാണ്. കാരണം എന്റേത് എന്നതിനെ നിന്റേത് എന്ന് മാറ്റിയപ്പോൾ നിങ്ങൾ എന്തായി മാറി? നിങ്ങൾ ചിന്തകളില്ലാത്ത ചക്രവർത്തിയായി മാറി. ഈ നിശ്ചിന്തചക്രവർത്തിയുടെ ജീവിതം എത്ര പ്രിയപ്പെട്ടതാണ്! ഓരോ കർമ്മവും ചെയ്യുമ്പോൾ നിശ്ചിന്തചക്രവർത്തി. ഒരു ചിന്തയുമില്ല എന്തുകൊണ്ട്, എന്ത്, എങ്ങനെ, എത്രനാൾ വരെ... ഇവയെല്ലാം അവസാനിച്ചു. ബാപ്ദാദ ഈ സീസണിന്റെ അവസാന ദിനത്തിൽ ആഗ്രഹിക്കുന്നത്, ഓരോ കുട്ടിയും വ്യർത്ഥമായ എന്റേത് എന്നതിന് പകരം നിന്റേത് ആക്കി മാറ്റണം എന്നാണ്. ബാബ തന്നെ അത് ഭസ്മമാക്കി തരും. നിങ്ങൾ ആ ഒരു അക്ഷരത്തിന്റെ വ്യത്യാസം വരുത്തിയാൽ മാത്രം മതി, സമ്മതമാണോ? സാധിക്കുമോ? സാധിക്കുമെങ്കിൽ കൈ ഉയർത്തൂ. വളരെ നല്ലത്. കാരണം ഈ 5 - 6 മാസം നിങ്ങളെല്ലാവരും ലോകത്തിന് മുന്നിൽ ദുഃഖിതരായ ആത്മാക്കൾക്ക് ശക്തമായ വൃത്തിയിലൂടെ സുഖത്തിന്റെയും ശാന്തിയുടെയും കിരണങ്ങൾ നൽകണം. ഇതിൽ തന്നെ സ്വന്തം മനസ്സിനെ ബിസിയാക്കി വയ്ക്കണം. വ്യർത്ഥ സങ്കല്പങ്ങളും എന്തിലാണ് വരുന്നത്? മനസ്സിൽ തന്നെയല്ലേ വരുന്നത്! അതുകൊണ്ട് ബാപ്ദാദ ആഗ്രഹിക്കുന്നത്, നിശ്ചിന്തചക്രവർത്തിയായ ഓരോ കുട്ടിയും തന്റെ മനസ്സിനെ, അതായത് വൃത്തിയെ അത്രയധികം ബിസിയാക്കി വെക്കണം, വ്യർത്ഥമായ കാര്യങ്ങൾക്ക് വരാൻ ഒട്ടും അവസരം ഉണ്ടാകരുത്. അധ്വാനിക്കേണ്ടി വരരുത്, പകരം ബാബയുടെ സ്നേഹത്തിൽ അത്രയധികം ബിസിയായിരിക്കൂ, വൃത്തിയുടെ സേവനത്തിൽ മനസ്സിനെ അത്രയധികം ബിസിയാക്കൂ, യുദ്ധം പോലും ചെയ്യേണ്ടി വരരുത്. ചില കുട്ടികൾ പറയാറുണ്ട് ആഗ്രഹിക്കുന്നില്ല, എന്നാൽ വന്നുപോകുന്നു. ഇതിനെ എന്താണ് പറയുക? മനസ്സിനെ ബാബയുടെ സ്നേഹത്തിലും സേവനത്തിലും ബിസിയാക്കി വെച്ചില്ല എന്ന്. എല്ലാവരോടും ചോദിക്കുകയാണ് നിങ്ങൾക്ക് ബാബയോട് എത്രത്തോളം സ്നേഹമുണ്ട്? അപ്പോൾ എന്താണ് പറയുന്നത്? പരിധിയില്ലാത്തതാണ്. ആരെയാണോ സ്നേഹിക്കുന്നത് അവരുടെ വാക്ക് അനുസരിക്കാൻ യാതൊരു പ്രയാസവുമുണ്ടാകില്ല. അപ്പോൾ നിങ്ങൾക്കെല്ലാവർക്കും ബാബയോട് തകർക്കാനാവാത്ത സ്നേഹമുണ്ടല്ലോ, അതോ വല്ലപ്പോഴുമാണോ? എപ്പോഴുമുണ്ടോ അതോ വല്ലപ്പോഴുമാണോ? എപ്പോഴും സ്നേഹമുണ്ടെന്ന് പറയുന്നവർ കൈ ഉയർത്തൂ. എപ്പോഴും സ്നേഹമുണ്ട്, ചിന്തിച്ചു നോക്കൂ, എപ്പോഴും സ്നേഹമുണ്ടെങ്കിൽ ബാബ പറയുന്നത് കുട്ടി ചെയ്യുന്നു. ഇത് അറിയാമല്ലോ!

അതുകൊണ്ട് ഈ സീസണിൽ ബാപ്ദാദ കുട്ടികളെക്കൊണ്ട് ഈ ദൃഢസങ്കല്പം ചെയ്യിക്കാൻ ആഗ്രഹിക്കുന്നു. തയ്യാറാണല്ലോ? തലയാട്ടൂ. ദൃഢസങ്കല്പം ചെയ്യാൻ തയ്യാറാണോ? പുറകിലുള്ളവർ തയ്യാറാണോ? മാതാക്കളും തയ്യാറാണോ? പാണ്ഡവരും തയ്യാറാണോ? ശരി, കൈ ഉയർത്തൂ. ഇതിൽ രണ്ട് കൈകളും ഉയർത്തൂ. കൈ ഉയർത്തുമ്പോൾ ബാപ്ദാദയെ സന്തോഷിപ്പിക്കുന്നു. ഇപ്പോൾ കൈ ഉയർത്തിയത് പോലെ മനസ്സിന്റെ കൈ ഉയർത്തൂ. ഒരിക്കലും വ്യർത്ഥ സങ്കല്പങ്ങളെ വരാൻ അനുവദിക്കില്ല. അവയുടെ ജോലിയാണ് വരുകയെന്നത്, നിങ്ങളുടെ ജോലി എന്താണ്? അതിനെ അവസാനിപ്പിക്കുക. ഈ സീസണിൽ ബാപ്ദാദ നേരത്തെയും പറഞ്ഞിട്ടുണ്ട് രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം, ഒന്ന് സങ്കല്പം, രണ്ടാമത്തേത് സമയം. നിങ്ങൾക്കറിയാം, ഈ സംഗമയുഗത്തിലെ ഓരോ മിനിറ്റിന്റെയും കണക്ഷൻ 21 ജന്മങ്ങളുമായാണുള്ളത്. ഈ സമയത്ത് ബാപ്ദാദയ്ക്ക് കുട്ടികളോടും കുട്ടികൾക്ക് ബാബയോടും സ്നേഹമുണ്ട്. അതിനാൽ സംഗമസമയത്തെ ഒരു സെക്കൻഡ്, സെക്കൻഡ് അല്ല; കാരണം 21 ജന്മങ്ങളുടെ കണക്ഷനാണ്. ഇപ്പോൾ സമയം ലാഭിച്ചില്ലെങ്കിൽ, ബാബയോടുള്ള സ്നേഹം കാരണം എല്ലാവരും ആഗ്രഹിക്കുന്നത് ഇപ്പോഴും ബാബയോടൊപ്പം ഇരിക്കാനും കൂടെപ്പോകാനുമാണ്. സ്വന്തം വീട്ടിലേക്ക് തിരികെ പോകേണ്ടതുണ്ടല്ലോ. അപ്പോൾ വീട്ടിലും കൂടെപ്പോകണം, പിന്നീട് രാജ്യത്തിലും ബാപ്ദാദയോടൊപ്പം, വിശേഷിച്ച് ബ്രഹ്മാബാബയോടൊപ്പം രാജധാനിയിൽ അടുത്ത് കൂടെ വരണം. അതിനായി ബ്രഹ്മാബാബ ഫരിശ്ത രൂപത്തിലാണ്, നിങ്ങൾക്ക് കൂടെപ്പോകണമെങ്കിൽ എന്ത് ചെയ്യണം? ഫരിശ്തയാകേണ്ടി വരും, അല്ലേ! ഫരിശ്തയാകുമോ? ആകുക തന്നെ വേണം, അല്ലേ!

ബ്രഹ്മാബാബായുടെ കൈ പിടിച്ച് കൂടെപ്പോകണം, അപ്പോൾ എന്താണ് ആ കൈ? ഫരിശ്തയ്ക്ക് സ്തൂലമായ കൈകളില്ലല്ലോ. ബ്രഹ്മാബാബായുടെ കൈ എന്താണ്? ശ്രീമത്. അപ്പോൾ ബാപ്ദാദയുടെ ശ്രീമത് ഇതാണ് ഇപ്പോൾ നിശ്ചിന്തചക്രവർത്തിയായി മാറി, എപ്പോഴും നിങ്ങളുടെ ജഗദംബ പുരുഷാർത്ഥം ചെയ്തതുപോലെ ബാബ പറയുന്നതും ജഗദംബ ചെയ്യുന്നതും അതുപോലെ ജഗദംബയെ ഫോളോ ചെയ്യൂ. സമയത്തെയും സങ്കല്പത്തെയും സഫലമാക്കുക തന്നെ വേണം. വ്യർത്ഥമായി പോകരുത്. പറഞ്ഞല്ലോ ഓരോ സങ്കല്പത്തിനും 21 ജന്മങ്ങളുമായി ബന്ധമുണ്ട്. അതിനാൽ ബാപ്ദാദ ആഗ്രഹിക്കുന്നത് എപ്പോഴും മനസ്സിനെ ബിസിയാക്കി വയ്ക്കണം. മുരളിയുടെ മനനത്തിലായാലും സേവനത്തിലായാലും എപ്പോഴും ബിസിയായിരിക്കൂ. സ്വന്തം ചാർട്ട് ഉണ്ടാക്കൂ. ഇടയ്ക്കിടയ്ക്ക് ബാപ്ദാദ പറഞ്ഞിട്ടുള്ള വ്യത്യസ്തങ്ങളായ ഡ്രില്ലുകൾ അറിയാമല്ലോ അശരീരിയാകാനുള്ള ഡ്രിൽ. സ്വന്തം മൂന്ന് സ്വരൂപങ്ങളുടെ സ്മരണയിലുള്ള ഡ്രിൽ അറിയാമല്ലോ! ബാബയ്ക്ക് മൂന്ന് രൂപങ്ങളുള്ളതുപോലെ നിങ്ങൾക്കും മൂന്ന് രൂപങ്ങളുണ്ട് ബ്രാഹ്മണൻ, ഫരിശ്ത, ദേവത. ഈ മൂന്ന് രൂപങ്ങളിലും ഡ്രിൽ വഴി മനസ്സിനെ ബിസിയാക്കി വെക്കൂ. അതുകൊണ്ടാണ് മഹാമന്ത്രം എന്താണ്? മന്മനാഭവ.

ബാക്കി ബാപ്ദാദയ്ക്ക് ഓരോ കുട്ടിയോടും വളരെ വളരെ സ്നേഹമുണ്ട്, അതിനാൽ ഓരോ കുട്ടിയും വിജയി ഭവ യുടെ വരദാനിയാകണം എന്നാണ് ബാപ്ദാദ ആഗ്രഹിക്കുന്നത്. പറഞ്ഞിരുന്നല്ലോ, ചില കുട്ടികൾ വിചാരിക്കുന്നു ഞങ്ങൾ വിജയീ ആകാം, പക്ഷെ മാല 108 ന്റേതാണല്ലോ, അപ്പോൾ വിജയീ ആയി മാലയിൽ വരാൻ കഴിയില്ലല്ലോ എന്ന്. എന്നാൽ ബാപ്ദാദയ്ക്ക് അത്രയധികം സ്നേഹമുണ്ട്, നിങ്ങൾ വിജയീ ആകൂ, ബാപ്ദാദ മാലയിൽ കണ്ണികൾ ചേർത്തുതരും. നിങ്ങൾ വിജയീ ആയാൽ മാത്രം മതി. അപ്പോൾ എന്താണ് സങ്കല്പം? വിജയീ ആകുക തന്നെ വേണം, അല്ലേ? അതോ 108 പേർ മാത്രം വിജയീ ആകുമോ? അല്ല. ബാബയുടെ ഓരോ കുട്ടിയും വിജയീ ആണ്. ബാപ്ദാദ ഓരോ കുട്ടിയുടെയും നെറ്റിയിൽ എന്താണ് കാണുന്നത്? വിജയത്തിന്റെ തിലകം. കാരണം സാധാരണ രൂപത്തിൽ ബാബയെ തിരിച്ചറിഞ്ഞുവല്ലോ! ഏറ്റവും അവസാനത്തെ കുട്ടിയാണെങ്കിലും, പുരുഷാർത്ഥത്തിൽ പിന്നിലാണെങ്കിലും അവരിൽ ഈ വിശേഷതയുണ്ട് സാധാരണ രൂപത്തിൽ വന്ന ബാബയെ തിരിച്ചറിഞ്ഞ് 'എന്റെ ബാബ' എന്ന് പറയുന്നു. അതിനാൽ ഓരോ കുട്ടിയും ധൈര്യത്തോടെ വിജയം നേടുക തന്നെ വേണം. എന്താണ് ചെയ്യേണ്ടത്? അധ്വാനത്തിന്റെ കാര്യമൊന്നുമില്ല, സ്നേഹത്തിന്റെ കാര്യമാണ്. ബാപ്ദാദയോട് സ്നേഹമുണ്ട്, പരിവാരത്തോടും സ്നേഹമുണ്ട്; സ്നേഹമുള്ളവരിൽ നിന്ന് അകന്നിരിക്കാൻ കഴിയില്ല. അപ്പോൾ ബ്രഹ്മാബാബയോട് എത്രത്തോളം സ്നേഹമുണ്ട്? ബ്രഹ്മാബാബയോടും ശിവബാബയോടും തകർക്കാനാവാത്ത സ്നേഹമുണ്ടെന്ന് കരുതുന്നവർ കൈ ഉയർത്തൂ. തകർക്കാനാവാത്ത, തകർക്കാനാവാത്ത സ്നേഹം? വളരെ നല്ലത്. അപ്പോൾ അടുത്ത സീസണിൽ ബാപ്ദാദ എന്താണ് കാണാൻ ആഗ്രഹിക്കുന്നത്? അറിയാമല്ലോ. നിങ്ങൾക്ക് 5-6 മാസം ലഭിക്കുന്നത് വ്യർത്ഥത്തിൽ നിന്ന് സമർത്ഥമായ സങ്കല്പം ഉണ്ടാക്കാനാണ്.

അതുകൊണ്ട് പറയൂ, മധുബനിലുള്ളവർ എഴുന്നേൽക്കൂ താഴെയുള്ളവരായാലും മുകളിലുള്ളവരായാലും. ഒട്ടേറെ പേരുണ്ട്. മധുബനിലുള്ളവർ ബാപ്ദാദയ്ക്ക് പ്രിയപ്പെട്ടവരാണ്. മറ്റുള്ളവർ പ്രിയപ്പെട്ടവരല്ല എന്നല്ല. അവരും പ്രിയപ്പെട്ടവരാണ്. എന്നാൽ മധുബനിലുള്ളവരോട് ഒരു കാര്യത്തിൽ വിശേഷപ്പെട്ട സ്നേഹമുണ്ട്, അതെന്താണ്? മനസ്സാ എല്ലാവരും ഓർമ്മിക്കുന്നുണ്ട്. യോഗിയായ ആത്മാക്കളാണ് എല്ലാവരും, ജ്ഞാനിയായ ആത്മാക്കളുമാണ് എല്ലാവരും. എന്നാൽ മധുബനിലുള്ളവർക്ക് സ്വന്തം ഭാവി എളുപ്പമാക്കാൻ ഒരു ലിഫ്റ്റ് ഉണ്ട്. എന്താണ് ആ ലിഫ്റ്റ്? ആരെല്ലാം മധുബനിൽ വരുന്നുവോ അവരുടെ സേവനത്തിന് നിമിത്തമാണ്. ഭക്ഷണം ഉണ്ടാക്കുന്നവരാകട്ടെ, മറ്റെന്തെങ്കിലും ഡ്യൂട്ടി ചെയ്യുന്നവരാകട്ടെ. ബാപ്ദാദ പറയുന്നു തൂത്ത് വൃത്തിയാക്കുന്ന ആളാണെങ്കിൽ പോലും അവരും ഭാഗ്യവാന്മാരാണ്. എന്തുകൊണ്ട്? വരുന്നവരെല്ലാം ഈ അന്തരീക്ഷം കണ്ട്, നിങ്ങളുടെ ഹൃദയത്തിലെ സ്നേഹത്തിന്റെ ശക്തി കണ്ട് സന്തോഷിക്കുന്നു. ഭക്ഷണം ഉണ്ടാക്കുന്നവരാകട്ടെ, ഏത് ഡ്യൂട്ടിയുള്ള ആളാകട്ടെ, മധുബനിലുള്ളവർക്ക് അവസരമുണ്ട്. മധുബന്റെ സ്നേഹവും ശക്തമായ അന്തരീക്ഷവും ഉണ്ടാക്കാൻ. അതുകൊണ്ട് ബാപ്ദാദ മധുബനിലുള്ളവർക്ക് വളരെ വളരെ അഭിനന്ദനങ്ങൾ നൽകുകയാണ് ഈ സീസൺ പൂർത്തിയാക്കിയതിനും, ഇനി മുന്നോട്ടും സ്വന്തം മനസ്സിൽ ആത്മാക്കളെ സന്തുഷ്ടരാക്കുന്നതിനും ശക്തമായ അനുഭവം ഉണ്ടാക്കുന്നതിനും നിമിത്തമായി തുടരുന്നതിനും. അതിനാൽ എല്ലാവരും മധുബനിലുള്ളവർക്കായി കൈയടിക്കൂ. ശരി.

ഇന്ന് അമൃതവേളയിൽ ബാപ്ദാദയുടെ മുന്നിൽ മധുബനിലെ സേവാധാരികൾ വന്നു. ഓരോരുത്തരുമായും ബാപ്ദാദ വതനത്തിലും കണ്ടുമുട്ടി. പ്രത്യേകിച്ച് നിങ്ങളോട് നേരത്തെയും പറഞ്ഞിട്ടുണ്ട്, പുലർച്ചെ 4 മണിക്ക് നിങ്ങളുടെ അഡ്വാൻസ് ഗ്രൂപ്പിൽ പോയിട്ടുള്ള വിശേഷപ്പെട്ട ദാദിമാർ തീർച്ചയായും വരാറുണ്ട്. ഇന്ന് വിശേഷപ്പെട്ട ദാദിമാരും വിശേഷപ്പെട്ട സഹോദരന്മാരും എത്തിയിരുന്നു. അവർ പ്രത്യേകിച്ച് മധുബനിലുള്ളവരെ ഇമേർജ് ചെയ്യാൻ ആവശ്യപ്പെട്ടു. പ്രത്യേകമായി ദീദിയും ദാദിയും, വിശേഷപ്പെട്ട സഹോദരന്മാരും മധുബനിലുള്ളവരെ ഓർത്തു. ദാദി പ്രത്യേക ഓർമ്മകൾ നൽകി, കൂടെ വതനിലെ മാമ്പഴവും. അറിയാമല്ലോ, വതനിലെ ഫലം എത്ര മികച്ചതാണെന്ന്! വടി ഉപയോഗിച്ച് അടിക്കേണ്ടതില്ല, ഏത് ഫലമാണോ വേണ്ടത് അത് കയ്യിൽ തന്നെ എടുക്കാം. അപ്പോൾ ദാദി പറഞ്ഞു ഇന്ന് മധുബനിലുള്ളവരുമായി മാമ്പഴ പിക്നിക് നടത്താം എന്ന്. മറ്റ് ദാദിമാരും കൂടെയുണ്ടായിരുന്നു, വിശേഷപ്പെട്ട സഹോദരന്മാരും ഉണ്ടായിരുന്നു. ബാപ്ദാദ അവരോട് ചോദിക്കാൻ പറഞ്ഞു മധുബനെക്കുറിച്ച് നിങ്ങളുടെ മനസ്സിൽ എന്താണ് വരുന്നത് എന്ന്. അപ്പോൾ ദാദി എന്താണ് പറഞ്ഞത്? അറിയാമല്ലോ, ദാദിയെ അറിയാമല്ലോ! ദാദി പറയുമായിരുന്നു ഇതാണ് ഇപ്പോഴും എന്റെ ആഗ്രഹം, മധുബനിലുള്ള ഓരോരുത്തരും പുരുഷാർത്ഥത്തിൽ എന്തെങ്കിലും കുറവുകൾ ബാക്കിയുണ്ടെങ്കിൽ അതിനുള്ള പുരുഷാർത്ഥം ചെയ്യണം, എന്നാൽ മധുബനിലുള്ളവരിൽ നിന്ന് ഞാൻ ഒരു കാര്യം ആഗ്രഹിക്കുന്നു. എന്താണ് ആഗ്രഹിക്കുന്നത്? ഓരോ മധുബൻവാസിയും ബാബയ്ക്ക് സമാനമായി മാറണം. എല്ലാവരും ആകേണ്ടതുണ്ട്, എങ്കിലും മധുബൻ പ്രത്യേകിച്ചും. മധുബനിലുള്ളവർക്ക് ദാദിയോട് സ്നേഹമുണ്ടായിരുന്നു, അത് എനിക്കറിയാം എന്ന് ദാദി പറയുമായിരുന്നു. അപ്പോൾ സ്നേഹത്തിന് പകരം ഞാൻ ആഗ്രഹിക്കുന്നത്, മമ്മ ലക്ഷ്യം വെക്കുകയും ബാബ പറഞ്ഞത് മമ്മ ചെയ്യുകയും ചെയ്തതുപോലെ ഇത് മധുബനിലുള്ളവർക്ക് അറിയാമല്ലോ. അതുപോലെ അമൃതവേള മുതൽ രാത്രി വരെ ഓരോ മധുബൻവാസിയും ബാബയോടൊപ്പം എന്നോടും ദാദിമാരോടും സ്നേഹമുണ്ടെങ്കിൽ മമ്മ ബാബയുടെ ഓരോ ഉപദേശവും ജീവിതത്തിൽ കൊണ്ടുവന്നതുപോലെ നമ്മളും കൊണ്ടുവരണം. ദാദിമാരോട് സ്നേഹമുണ്ടെങ്കിൽ ഇത് ചെയ്ത് കാണിക്കൂ. രാവിലെ മുതൽ രാത്രി വരെ ദാദിമാർക്കോ ബാബയ്ക്കോ മറ്റാർക്കെങ്കിലുമോ ഇഷ്ടപ്പെടാത്ത യാതൊരു സങ്കല്പമോ വാക്കോ കർമ്മമോ കൊണ്ടുവരരുത്.

ബാക്കി ടീച്ചർമാരെ കണ്ട് ബാപ്ദാദ സന്തോഷിക്കുന്നു. കാരണം ബാബയ്ക്ക് സമാനമായ സീറ്റിന്റെ ഭാഗ്യം ലഭിച്ചിരിക്കുന്നു. ബാബയുടെ മുരളി കേൾപ്പിക്കാനുള്ള സീറ്റ് ലഭിച്ചിരിക്കുന്നു. ബാബ എപ്പോഴും ടീച്ചർമാരെ കൂട്ടുകാർ എന്നാണ് വിളിക്കുന്നത്. ഇപ്പോൾ ടീച്ചർമാർക്കായി ബാപ്ദാദ ഒരു കാര്യം ആഗ്രഹിക്കുന്നു. പറയട്ടെയോ? ബാപ്ദാദ ആഗ്രഹിക്കുന്നത്, ഓരോ ടീച്ചറുടെയും മുഖത്ത് ബ്രഹ്മാബാബയ്ക്ക് സമാനമായ സന്തോഷം കാണണം. ഉള്ളിൽ പുരുഷാർത്ഥം ഉണ്ടാകും, എന്നാൽ അത് നിങ്ങളുടെ രൂപത്തിൽ നിന്ന് ദൃശ്യമാകണം, ബാബ പ്രത്യക്ഷമാകണം. ആരെ നോക്കിയാലും നിങ്ങളിൽ ബാബയുടെ പ്രകാശം കാണണം. ഇത്തരത്തിൽ മുഖം കൊണ്ട് സേവനം ചെയ്യുന്നവർ ബാബയെ പ്രത്യക്ഷമാക്കുക തന്നെ ചെയ്യും. ഇപ്പോൾ സമയം അടുത്തെത്തിയിരിക്കുന്നു, സ്വന്തം മുഖത്തിലൂടെ ബാബയെ പ്രത്യക്ഷമാക്കണം. ടീച്ചർമാർക്ക് എപ്പോഴും എന്റെ ബാബ എന്നത് സ്വയം ഓർമ്മയുണ്ടല്ലോ. ഇപ്പോൾ ബാബയെ മുഖത്തിലൂടെ പ്രത്യക്ഷമാക്കണം. ചെയ്യാൻ സാധിക്കുമല്ലോ, അല്ലേ? സാധിക്കുമെങ്കിൽ ചെയ്യൂ. നോക്കൂ, ഇതുവരെയുള്ള റിസൾട്ടിൽ എല്ലാവരും എന്താണ് പറയുന്നത്? ബ്രഹ്മാകുമാരികൾ വളരെ നല്ല കാര്യമാണ് ചെയ്യുന്നത്, എന്നാൽ ബാബ പ്രത്യക്ഷമായിട്ടില്ല. ബാബ ഇപ്പോഴും ഗുപ്തമായിരിക്കുകയാണ്. സമയം അടുത്തുവരികയാണ്. അതുകൊണ്ട് നിങ്ങളുടെ നിമിത്തമായ ടീച്ചർമാരിലൂടെയോ ഏതൊരു കുട്ടിയിലൂടെയോ ബാബയെ പ്രത്യക്ഷമാക്കൂ. ബ്രഹ്മാകുമാരികൾ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നത് നടന്നു, ഇവിടെ വരെ എത്തിച്ചേർന്നു. എന്നാൽ ഇപ്പോൾ ഇത് പ്രത്യക്ഷമാക്കൂ സ്വയം പരമാത്മാവ് ബ്രഹ്മാവിന്റെ ശരീരത്തിൽ പ്രത്യക്ഷനായി ബ്രഹ്മാകുമാരിമാരെ ഇത്രയും യോഗ്യരാക്കി മാറ്റുകയാണ് എന്ന്. ഇപ്പോൾ ഈ പോയിന്റ് ബാക്കിയുണ്ട്. എന്റെ ബാബ വന്നു എന്ന് പാട്ട് പാടുന്നുണ്ട്, എന്നാൽ മറ്റ് ആത്മാക്കളുടെ ഉള്ളിൽ ഇത് പ്രത്യക്ഷമാകണം ഭഗവാൻ സ്വയം പ്രത്യക്ഷനായി സഹോദരിമാരിലൂടെയും സഹോദരന്മാരിലൂടെയും ഈ കാര്യം ചെയ്യിക്കുകയാണെന്ന്. ഈ പ്രത്യക്ഷത വരുത്തേണ്ടതുണ്ടല്ലോ! എപ്പോൾ ചെയ്യും? ഇപ്പോൾ. എന്താണ് പറയുക? ഇപ്പോൾത്തന്നെ, അല്ലേ! (ഇപ്പോൾ തുടങ്ങും, അടുത്ത സീസണാകുമ്പോഴേക്കും പൂർത്തിയാകും) നിങ്ങളെല്ലാവരും ഒപ്പമുണ്ടല്ലോ, അടുത്ത സീസണാകുമ്പോഴേക്കും ആകുമോ? സാധിക്കുമെന്ന് കരുതുന്നവർ കൈ ഉയർത്തൂ. കുറച്ചുപേർ കൈ ഉയർത്തുന്നുണ്ട്. കൈ ഉയർത്താത്തവർ നോക്കിയിരിക്കും, നിങ്ങൾ ചെയ്യും! ടീച്ചർമാർ സങ്കല്പം ചെയ്തിട്ടുണ്ടല്ലോ? കാരണം നിങ്ങൾ കാണുന്നുണ്ട്, ബാപ്ദാദ പറയാറുള്ളത് എല്ലാം പെട്ടെന്ന് സംഭവിക്കും എന്നാണ്. ചില കുട്ടികൾ വിചാരിക്കുന്നു പെട്ടെന്ന്, പെട്ടെന്ന് എന്ന് പറയാൻ തുടങ്ങിയിട്ട് ഒട്ടേറെ സമയമായി എന്ന്. ഇപ്പോൾ സംഭവിക്കണം. എന്നാൽ പെട്ടെന്ന് എന്നത് കുട്ടികളും ബാബയ്ക്ക് സമാനമായി മാറുമ്പോഴാണ് സംഭവിക്കുക. നിങ്ങളുടെ മുഖവും രൂപവും ഓരോ വാക്കുകളും ബാബയെ പ്രത്യക്ഷമാക്കണം. സംഭവിക്കുക തന്നെ ചെയ്യും. ഇപ്പോൾ നിമിത്തമാകുക മാത്രമേ വേണ്ടൂ. ഇനി അടുത്ത സീസണിൽ എന്ത് ചെയ്യും? ഒന്ന്, സ്വയത്തെ ബാബയ്ക്ക് സമാനമാക്കും. എന്തൊക്കെ കുറവുകൾ ബാക്കിയുണ്ടോ അതിനെ സമ്പൂർണ്ണമാക്കും. ബാപ്ദാദയ്ക്ക് സന്തോഷം ഏത് കാര്യത്തിലാണ്? കുട്ടികൾ ചെറിയ ചെറിയ സെന്ററുകളിൽ പോലും വാണിയിലൂടെ പ്രസിദ്ധപ്പെടുത്തി ഞങ്ങൾ എന്താണ് ചെയ്യുന്നത്, അന്തരീക്ഷത്തെ മാറ്റിയെടുത്തു. ഇതിന് ബാപ്ദാദ അഭിനന്ദനങ്ങൾ നൽകുകയാണ്. ആരെല്ലാം എവിടെയൊക്കെ പ്രോഗ്രാമുകൾ ചെയ്തോ അതൊക്കെ നന്നായി ചെയ്തിട്ടുണ്ട്. എല്ലാവരുടെയും ശ്രദ്ധയിൽ വരികയും ചെയ്തു, ബ്രഹ്മാകുമാരിമാർ സത്യമായും ഗുപ്ത രൂപത്തിൽ തങ്ങളുടെ പ്രവർത്തനത്തിന്റെ 75 വർഷം പൂർത്തിയാക്കി എന്ന്. ഇനി പറയേണ്ടത് ബ്രഹ്മാകുമാരിമാരുടെ ഭഗവാനായ ബാബ വന്നു എന്നാണ്. ലക്ഷ്യമുണ്ടല്ലോ! അപ്പോൾ അടുത്ത സീസണിലേക്ക് ഈ പ്രവർത്തനം ആരംഭിക്കണം. ഇതിന്റെ പ്രത്യക്ഷ പ്രോഗ്രാം തയ്യാറാക്കൂ. പ്രോഗ്രാം ഉണ്ടാക്കാറുണ്ടല്ലോ, മീറ്റിംഗ് നടത്താറുണ്ടല്ലോ! മീറ്റിംഗിൽ ഈ പ്രോഗ്രാം തയ്യാറാക്കൂ അവകാശം നൽകുന്ന ബാബ വന്നിരിക്കുന്നു എന്ന് എല്ലാ കുട്ടികളും അറിയട്ടെ. ആരും വഞ്ചിതരാകാതിരിക്കട്ടെ. കുട്ടികളുടെ ദുഃഖം കണ്ട് ബാബയ്ക്ക് വളരെ ദയ തോന്നുന്നുണ്ട്. ദുഃഖത്തിൽ നിലവിളിക്കുമ്പോൾ ബാബയ്ക്ക് കരുണ തോന്നുന്നു. നിങ്ങളാകുന്ന ദേവിദേവന്മാരെയും വളരെയധികം വിളിക്കുന്നുണ്ട്. അതുകൊണ്ട് അടുത്ത സീസണിൽ വ്യർത്ഥത്തിന്റെ പേരും അടയാളവും ഉണ്ടാകരുത്, സമ്മതമാണോ? സമ്മതമാണ്! ഹൃദയം കൊണ്ട് കൈ ഉയർത്തൂ. ഹൃദയത്തിന്റെ കൈ ഉയർത്തൂ. വ്യർത്ഥം എന്നാൽ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാകണം. സ്വർഗ്ഗത്തിലെ രാജകുമാരിമാർ വരുമ്പോൾ അവർക്ക് ദുഃഖവും അശാന്തിയും എന്താണെന്ന് അറിയില്ലല്ലോ, ഇത് എന്താണ് എന്ന് ചോദിക്കും! അതുപോലെ ബ്രാഹ്മണ പരിവാരത്തിൽ വ്യർത്ഥം എന്താണെന്ന് അറിയുകയേ ചെയ്യരുത്. സ്വചിന്തനം, സ്വചിന്തകൻ. ശരി.

നാനാഭാഗത്തുമുള്ള എല്ലാ കുട്ടികൾക്കും ബാപ്ദാദയുടെ ഹൃദയം നിറഞ്ഞ ഓർമ്മകളും സ്നേഹവും. ഒപ്പം ബാബ ഓരോ കുട്ടിയെയും സ്വന്തം സ്വമാനത്തിന്റെ ലഹരിയിലും നിശ്ചയത്തിലും കണ്ട് സന്തോഷിക്കുന്നു. ഒരിക്കലും സ്വമാനം ഉപേക്ഷിക്കരുത്. സ്വമാനധാരി എന്നാൽ എപ്പോഴും സർവ്വ പ്രാപ്തികളുമുള്ളവർ. സ്വമാനത്തിന്റെ ലിസ്റ്റ് വളരെ വലുതാണ്. ദിവസവും ഓരോ സ്വമാനം ഓർമ്മയിൽ വെച്ച് സ്വരൂപത്തിലേക്ക് കൊണ്ടുവന്ന് തീവ്ര പുരുഷാർത്ഥിയായി മുന്നോട്ട് പോകൂ. ബാപ്ദാദയെ ഹൃദയത്തിൽ ഇരുത്തി, നിങ്ങളെ ബാപ്ദാദയുടെ ഹൃദയത്തിലും ഇരുത്തി ഭയരഹിതരായി മാസ്റ്റർ സർവ്വശക്തിവാനായി നടക്കൂ, പറക്കൂ, മറ്റുള്ളവരെയും പറപിക്കൂ. ഓം ശാന്തി.

വരദാനം :-
സേവനത്തിന്റെ സ്റ്റേജിൽ ഉൾക്കൊള്ളാനുള്ള ശക്തിയിലൂടെ സഫലതാമൂർത്തിയാകുന്ന മാസ്റ്റർ സാഗരനായി ഭവിക്കട്ടെ.

സേവനത്തിന്റെ സ്റ്റേജിൽ വരുമ്പോൾ പലവിധ കാര്യങ്ങൾ മുന്നിൽ വരുന്നു, ആ കാര്യങ്ങളെ സ്വയം ഉൾക്കൊള്ളുകയാണെങ്കിൽ സഫലതാമൂർത്തിയായി മാറും. ഉൾക്കൊള്ളുക എന്നാൽ സങ്കല്പ രൂപത്തിൽ പോലും മറ്റുള്ളവരുടെ വ്യക്തമായ കാര്യങ്ങളുടെയോ ഭാവങ്ങളുടെയോ അംശം പോലും ബാക്കിയുണ്ടാകരുത്. അമംഗളകരമായ വാക്കുകളെ മംഗളത്തിന്റ ഭാവനയാക്കി മാറ്റൂ, അമംഗളകരമായ വാക്ക് ഇല്ലായിരുന്നു എന്നതുപോലെയാക്കൂ. അവഗുണങ്ങളെ ഗുണങ്ങളായും നിന്ദയെ സ്തുതിയായും മാറ്റൂ, അപ്പോൾ മാസ്റ്റർ സാഗരം എന്ന് പറയാം.

സ്ലോഗന് :-
വിസ്താരത്തെ നോക്കാതെ സാരത്തെ കാണുന്നവരും സ്വയം ഉൾക്കൊള്ളുന്നവരുമാണ് തീവ്ര പുരുഷാർത്ഥികൾ.

അവ്യക്ത സൂചന : ബ്രഹ്മാബാബയ്ക്ക് സമാനമായി സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതിയുടെ അനുഭവം ചെയ്യൂ.

നിങ്ങളുടെ രചനയായ ആമ സെക്കൻഡുകൾക്കുള്ളിൽ എല്ലാ അവയവങ്ങളും ചുരുക്കിവെക്കുന്നു. ചുരുക്കിവെക്കാനുള്ള ശക്തി രചനയിലുമുണ്ട്. നിങ്ങൾ മാസ്റ്റർ രചയിതാവ്; ചുരുക്കുവാനുള്ള ശക്തിയുടെ അടിസ്ഥാനത്തിൽ ഒരു സെക്കൻഡിൽ സർവ്വ സങ്കല്പങ്ങളെയും ഉൾക്കൊണ്ട് ഒരൊറ്റ സങ്കല്പത്തിൽ സ്ഥിതി ചെയ്യൂ. സർവ്വ കർമ്മേന്ദ്രിയങ്ങളുടെയും കർമ്മത്തിന്റെ സ്മൃതിയ്ക്ക് അപ്പുറത്ത് ഒരൊറ്റ ആത്മീയ സ്വരൂപത്തിൽ സ്ഥിതി ചെയ്യുമ്പോൾ കർമ്മാതീതമായ, അതായത് സമ്പന്നമായ സ്ഥിതി അനുഭവപ്പെടും.