29.01.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- തന്റെ മധുരമായ അച്ഛനെ ഓർമ്മിക്കൂ, എങ്കിൽ നിങ്ങൾ സതോപ്രധാന ദേവതയായി മാറും, എല്ലാത്തിന്റെയും അടിസ്ഥാനം ഓർമ്മയുടെ യാത്രയിലാണ്.

ചോദ്യം :-
ബാബയുടെ ആകർഷണം കുട്ടികൾക്കുണ്ടാകുന്നതുപോലെ ഏത് കുട്ടികളുടെ ആകർഷണമാണ് എല്ലാവർക്കും ഉണ്ടാകുന്നത്?

ഉത്തരം :-
ആരാണോ പൂക്കളായി മാറിയത്. ചെറിയ കുട്ടികൾ പൂക്കളായിരിക്കും, അവർക്ക് വികാരങ്ങളെക്കുറിച്ച് അറിയുകയില്ല. അതിനാൽ അവർ എല്ലാവരെയും ആകർഷിക്കാറുണ്ടല്ലോ. അങ്ങനെ നിങ്ങൾ കുട്ടികളും പൂക്കളായി അർത്ഥം പവിത്രമായി മാറുമ്പോൾ എല്ലാവർക്കും ആകർഷണമുണ്ടാകും. നിങ്ങളിൽ വികാരങ്ങളുടെ ഒരു മുള്ളുപോലും ഉണ്ടാകരുത്.

ഓംശാന്തി.  
ആത്മീയ കുട്ടികൾക്കറിയാം, ഇത് പുരുഷോത്തമ സംഗമയുഗമാണെന്ന്. തന്റെ ഭാവിയിലെ പുരുഷോത്തമ മുഖം കാണുന്നുണ്ടോ? പുരുഷോത്തമമായ ശരീരം കാണുന്നുണ്ടോ? അനുഭവം ചെയ്യുന്നുണ്ട്, നമ്മൾ വീണ്ടും പുതിയ ലോകത്തിൽ ഈ ലക്ഷ്മീ-നാരായണന്റെ വംശത്തിലേക്കു പോകും, അർത്ഥം സുഖധാമത്തിലേക്കു പോകും, അഥവാ പുരുഷോത്തമരായി മാറും. ഇരിക്കവേ ഈ ചിന്ത വരുന്നുണ്ടോ! വിദ്യാർത്ഥികൾ പഠിക്കുമ്പോൾ, ഏത് ക്ലാസിലാണ് പഠിക്കുന്നത് എന്നത് തീർച്ചയായും ബുദ്ധിയിലുണ്ടായിരിക്കുമല്ലോ - ഞാൻ വക്കീൽ അല്ലെങ്കിൽ ഇന്നയാളായി മാറുമെന്ന്. അതേപോലെ നിങ്ങൾക്കും ഇവിടെ ഇരിക്കുമ്പോൾ അറിയാം, നമ്മൾ വിഷ്ണുവിന്റെ കുലത്തിലേക്കു പോകുകയാണെന്ന്. വിഷ്ണുവിന്റെ രണ്ടു രൂപമുണ്ട്- ലക്ഷ്മീ-നാരായണനും ദേവീ-ദേവതയും. നിങ്ങളുടെ ബുദ്ധി ഇപ്പോൾ അലൗകീകമാണ്. മറ്റൊരു മനുഷ്യരുടെ ബുദ്ധിയിലും ഈ കാര്യങ്ങളുടെ ധാരണയുണ്ടായിരിക്കില്ല. നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ ഈ കാര്യങ്ങളെല്ലാം ഉണ്ട്. ഇത് സാധാരണ സത്സംഗമല്ല. ഇവിടെ ഇരിക്കുമ്പോൾ മനസ്സിലാക്കുന്നുണ്ട്, സത്യമായ ബാബ അതായത് ആരെയാണോ ശിവനെന്നു പറയുന്നത് , ആ ബാബയുടെ കൂടെയിരിക്കുകയാണെന്ന്. ശിവബാബ തന്നെയാണ് രചയിതാവ്, ബാബയ്ക്കു മാത്രമെ രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ച് അറിയുകയുള്ളൂ. പിന്നീട് ബാബ തന്നെയാണ് ജ്ഞാനം നൽകുന്നത്, ഭാവിയിലെ കാര്യം കേൾപ്പിക്കുന്നതു പോലെ. ഇവിടെ ഇരിക്കുകയാണെങ്കിൽ ഇത് ഓർമ്മയുണ്ടായിരിക്കും-നമ്മൾ വന്നിരിക്കുന്നത് നവചൈതന്യമാർജ്ജിക്കുന്നതിനുവേണ്ടിയാണ് അർത്ഥം ഈ ശരീരം മാറ്റി ദേവതാ ശരീരമെടുക്കാനാണ്. ആത്മാവാണ് പറയുന്നത്- നമ്മുടെ ഇത് തമോപ്രധാനവും പഴയ ശരീരവുമാണ്, ഈ ശരീരത്തെ മാറ്റി ലക്ഷ്മീ-നാരായണനെപ്പോലെയായി മാറണം. ലക്ഷ്യം എത്ര ശ്രേഷ്ഠമാണ്. പഠിപ്പിക്കുന്ന ടീച്ചർ തീർച്ചയായും പഠിക്കുന്ന വിദ്യാർത്ഥിയെക്കാളും സമർത്ഥരാ യിരിക്കുമല്ലോ. പഠിപ്പിക്കുന്നു, നല്ല കർമ്മം പഠിപ്പിക്കുന്നു, അപ്പോൾ തീർച്ചയായും ഉയർന്നതായിരിക്കുമല്ലോ. നിങ്ങൾക്കറിയാം, നമ്മളെ ഏറ്റവും ഉയർന്നതിലും ഉയർന്ന ഭഗവാനാണ് പഠിപ്പിക്കുന്നത്. ഭാവിയിൽ നമ്മൾ തന്നെ ദേവതയായി മാറും. നമ്മൾ പഠിക്കുന്നത് ഭാവിയിലെ പുതിയ ലോകത്തിലേക്കാണ്. മറ്റാർക്കും പുതിയ ലോകത്തെക്കുറിച്ച് അറിയുകയില്ല. നിങ്ങളുടെ ബുദ്ധിയിലുണ്ട്, ഈ ലക്ഷ്മീ- നാരായണൻ പുതിയ ലോകത്തിലെ അധികാരികളായിരുന്നു. അതിനാൽ തീർച്ചയായും ഇത് വീണ്ടും ആവർത്തിക്കുക തന്നെ ചെയ്യും. ബാബ മനസ്സിലാക്കി തരുന്നു, ഞാൻ നിങ്ങളെ പഠിപ്പിച്ച് മനുഷ്യനിൽ നിന്നും ദേവതയാക്കി മാറ്റുന്നു. ദേവതകളും തീർച്ചയായും നമ്പർവൈസായിരിക്കും. ദൈവീകമായ രാജധാനിയായിരിക്കുമല്ലോ. മുഴുവൻ ദിവസവും നിങ്ങൾക്ക് ഈ ചിന്ത ഉണ്ടായിരിക്കണം നമ്മൾ ആത്മാവാണ്. വളരെയധികം പതീതമായ നമ്മുടെ ആത്മാവ് ഇപ്പോൾ പാവനമായി മാറുന്നതിനുവേണ്ടിയാണ് പാവനമായ ബാബയെ ഓർമ്മിക്കുന്നത്. ഓർമ്മയുടെ അർത്ഥവും മനസ്സിലാക്കണം. ആത്മാവാണ് തന്റെ മധുരമായ ബാബയെ ഓർമ്മിക്കുന്നത്. ബാബ സ്വയം പറയുന്നു- കുട്ടികളെ, എന്നെ ഓർമ്മിക്കുന്നതിലൂടെ നിങ്ങൾ സതോപ്രധാന ദേവതകളായി മാറും. സർവ്വതിന്റെയും ആധാരം ഓർമ്മയുടെ യാത്രയിലാണ്. ബാബ തീർച്ചയായും ചോദിക്കുമല്ലോ -കുട്ടികളെ, എത്ര സമയം ഓർമ്മിക്കുന്നുണ്ട്? ഓർമ്മിക്കുമ്പോൾ തന്നെയാണ് മായയുടെ യുദ്ധമുണ്ടാകുന്നത്. നിങ്ങൾ സ്വയം മനസ്സിലാക്കുന്നുണ്ട് ഇത് യാത്രയല്ല എന്നാൽ യുദ്ധമാണ്. ഇതിൽ ഒരുപാട് വിഘ്നമുണ്ടാകുന്നു. ഓർമ്മയുടെ യാത്രയിൽ തന്നെയാണ് മായ വിഘ്നമുണ്ടാക്കുന്നത് അർത്ഥം ഓർമ്മയെ മറപ്പിക്കുന്നു. പറയാറുമുണ്ട്-ബാബാ, ഞങ്ങൾക്ക് ബാബയുടെ ഓർമ്മയിലിരിക്കുമ്പോഴാണ് മായയുടെ കൊടുങ്കാറ്റ് ഒരുപാടുണ്ടാകുന്നത്. നമ്പർവൺ കൊടുങ്കാറ്റാണ് ദേഹാഭിമാനം. പിന്നീടാണ് കാമം, ക്രോധം, ലോഭം, മോഹം......... കുട്ടികൾ പറയുന്നുണ്ട്- ബാബാ, ഞങ്ങൾ ഒരുപാട് ശ്രമിക്കുന്നുണ്ട്, ഓർമ്മയിൽ ഇരിക്കുമ്പോൾ ഒരു വിഘ്നവും വരരുത് എന്ന്. എന്നാലും കൊടുങ്കാറ്റ് വരുന്നു. ഇന്ന് ക്രോധത്തിന്റെയും ലോഭത്തിന്റെയും കൊടുങ്കാറ്റ് വന്നു. ഇന്ന് നമ്മുടെ അവസ്ഥ നല്ലതായിരുന്നു, ഒരു കൊടുങ്കാറ്റും വന്നില്ല. ഓർമ്മയുടെ യാത്രയിൽ മുഴുവൻ ദിവസവും ഇരിക്കുമ്പോൾ വളരെ സന്തോഷമുണ്ടായിരുന്നു. ബാബയെ ഒരുപാട് ഓർമ്മിച്ചു. ഓർമ്മയിൽ സ്നേഹത്തിന്റെ കണ്ണുനീർ ഒഴുകിക്കൊണ്ടേയിരിക്കുന്നു. ബാബയുടെ ഓർമ്മയിലിരിക്കുന്നതിലൂടെ നിങ്ങൾ മധുരമുള്ളവരായി മാറും.

നിങ്ങൾ കുട്ടികൾ ഇതും മനസ്സിലാക്കുന്നുണ്ട്, നമ്മൾ മായയോട് തോറ്റ് തോറ്റ് എവിടെ എത്തി നിൽക്കുകയാണെന്ന്. കുട്ടികൾ കണക്കു വെയ്ക്കാറുണ്ട്, കല്പത്തിൽ എത്ര മാസം, എത്ര ദിവസങ്ങളുണ്ടെന്ന്....ബുദ്ധിയിൽ വരുന്നുണ്ടല്ലോ. അഥവാ ആരെങ്കിലും ലക്ഷക്കണക്കിനു വർഷങ്ങളുണ്ടെന്നു പറയുകയാണെങ്കിൽ പിന്നീട് ഒരു കണക്കും വെയ്ക്കാൻ സാധിക്കില്ല. ബാബ മനസ്സിലാക്കി തരുന്നു- ഈ സൃഷ്ടി ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ഈ മുഴുവൻ ചക്രത്തിലും നമ്മൾ എത്ര ജന്മങ്ങളാണ് എടുക്കുന്നത്. എങ്ങനെയാണ് രാജകുലത്തിലേക്ക് വരുന്നത്. ഇതറിയാമല്ലോ. ഇത് പുതിയ ലോകത്തിലേക്കു വേണ്ടിയുള്ള വളരെ പുതിയ കാര്യവും പുതിയ ജ്ഞാനവുമാണ്. പുതിയ ലോകമെന്ന് സ്വർഗ്ഗത്തെയാണ് പറയുന്നത്. നിങ്ങൾ പറയും- നമ്മൾ ഇപ്പോൾ മനുഷ്യരാണ്, ദേവതയായി മാറുകയാണ്. ദേവത എന്ന പദവിയാണ് ഉയർന്നത്. നിങ്ങൾ കുട്ടികൾക്കറിയാം, നമ്മൾ തികച്ചും വേറിട്ട ജ്ഞാനമാണ് എടുക്കുന്നത്. നമ്മളെ പഠിപ്പിക്കുന്നത് തീർത്തും വേറിട്ടതും വിചിത്രവുമായ ബാബയാണ്. ബാബക്ക് സാകാരത്തിലുള്ള ചിത്രമില്ല. ബാബ നിരാകാരൻ തന്നെയാണ്. അതിനാൽ ഡ്രാമയിൽ നോക്കൂ, എത്ര നല്ല പാർട്ടാണുള്ളത്. ബാബ എങ്ങനെ പഠിപ്പിക്കും? അതിനാൽ സ്വയം പറയുന്നു - ഞാൻ ഈ ശരീരത്തിലാണ് വരുന്നത്. ഏത് ശരീരത്തിലാണ് വരുന്നതെന്നും ബാബ പറയുന്നു. മനുഷ്യർ സംശയിക്കുന്നു- ഒരു ശരീരത്തിൽ മാത്രമെ വരുകയുള്ളൂ! എന്നാൽ ഇത് ഡ്രാമയല്ലേ. ഇതിൽ മാറ്റമുണ്ടാകില്ല. എങ്ങനെയാണ് നമ്മളെ ശിവബാബ പഠിപ്പിക്കുന്നത്-ഈ കാര്യങ്ങൾ നിങ്ങൾ മാത്രമാണ് കേൾക്കുന്നതും, ധാരണ ചെയ്ത് കേൾപ്പിക്കുന്നതും. നമ്മൾ പിന്നീട് മറ്റാത്മാക്കളെയും പഠിപ്പിക്കുന്നു. പഠിക്കുന്നത് ആത്മാവാണ്. ആത്മാവ് തന്നെയാണ് പഠിക്കുന്നതും പഠിപ്പിക്കുന്നതും. ആത്മാവ് വളരെ വിലപ്പെട്ടതാണ്. ആത്മാവ് അവിനാശിയും അമരനുമാണ്. ശരീരം മാത്രമാണ് ഇല്ലാതാകുന്നത്. നമ്മൾ ആത്മാക്കൾ നമ്മുടെ പരംപിതാ പരമാത്മാവിൽ നിന്ന് ജ്ഞാനം എടുത്തുകൊണ്ടിരിക്കുകയാണ്. രചനയുടെയും രചയിതാവിന്റെയും ആദി-മദ്ധ്യ-അന്ത്യത്തിന്റെയും, 84 ജന്മങ്ങളുടെയും ജ്ഞാനമെടുക്കുകയാണ്. ജ്ഞാനം ആരാണ് എടുക്കുന്നത്? ആത്മാവ്. ആത്മാവ് അവിനാശിയാണ്. മോഹം വെയ്ക്കേണ്ടതും അവിനാശിയായ വസ്തുവിനോടാണ്. അല്ലാതെ വിനാശമാകുന്ന വസ്തുവിനോടല്ല. ഇത്രയും സമയം നിങ്ങൾ വിനാശമാകുന്ന ശരീരത്തിൽ മോഹം വെച്ചു. ഇപ്പോൾ മനസ്സിലാക്കുന്നുണ്ട്- നമ്മൾ ആത്മാവാണ്, ശരീരബോധം ഉപേക്ഷിക്കണം. ചില കുട്ടികൾ ബാബക്ക് എഴുതുന്നുണ്ട്-ഞാൻ ആത്മാവ് ഈ കർമ്മം ചെയ്തു, ഞാൻ ആത്മാവ് ഇന്ന് ഈ പ്രഭാഷണം ചെയ്തു, ഞാൻ ആത്മാവ് ഇന്ന് വളരെയധികം ബാബയെ ഓർമ്മിച്ചു എന്ന്. ബാബ ഉയർന്ന ആത്മാവാണ്, നോളേജ്ഫുള്ളാണ്. നിങ്ങൾ കുട്ടികൾക്ക് എത്ര ജ്ഞാനമാണ് നൽകുന്നത്. മൂലവതനത്തെയും, സൂക്ഷ്മവതനത്തെയും നിങ്ങൾ കുട്ടികൾക്കറിയാം. മനുഷ്യരുടെ ബുദ്ധിയിൽ ഒന്നും തന്നെയില്ല. രചയിതാവ് ആരാണെന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ടോ? ഈ മനുഷ്യസൃഷ്ടിയുടെ രചയിതാവെന്നാണ് ബാബയെ പറയുന്നത്, അതിനാൽ തീർച്ചയായും കർത്തവ്യം ചെയ്യാൻ വരുന്നു.

ആത്മാവിനെയും പരമാത്മാവാകുന്ന ബാബയെയും ഓർമ്മയുള്ള ഒരു മനുഷ്യരുമുണ്ടാവില്ല, എന്നാൽ നിങ്ങൾക്കറിയാം. ബാബ തന്നെയാണ് ജ്ഞാനം നൽകുന്നത്-സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കൂ. നിങ്ങൾ സ്വയത്തെ ശരീരമാണെന്നു മനസ്സിലാക്കി തലകീഴായി തൂങ്ങിക്കിടക്കുകയാണ്. ആത്മാവ് സത്യവും ചൈതന്യവും ആനന്ദസ്വരൂപവുമാണ്. ആത്മാവിനാണ് ഏറ്റവും കൂടുതൽ മഹിമയുള്ളത്. ഒരു ബാബയാകുന്ന ആത്മാവിനു തന്നെ എത്ര മഹിമയാണുള്ളത്. ബാബ തന്നെയാണ് ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നത്. കൊതുകുകളുടെയൊന്നും മഹിമ പാടാറില്ല-അവർ ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നവരാണെന്നും, ജ്ഞാനത്തിന്റെ സാഗരനാണെന്നും. ഇല്ല, ഇത് ബാബയുടെ മഹിമയാണ്. നിങ്ങൾ കുട്ടികളാണ് പകുതി കല്പത്തിലേക്കു വേണ്ടി ഓരോരുത്തരുടെയും ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നത്. എന്തുകൊണ്ടെന്നാൽ, നിങ്ങൾ ബാബയുടെ കുട്ടികളല്ലേ. ഈ ജ്ഞാനം മറ്റാരിലുമില്ല. നോളേജ്ഫുൾ ഒരു ബാബ മാത്രമാണ്. നമ്മളിൽ ഒരു ജ്ഞാനവുമില്ല. ഒരു അച്ഛനെ തന്നെ അറിയില്ലെങ്കിൽ പിന്നെ ബാക്കി എന്ത് ജ്ഞാനമാണുണ്ടാവുക. ഇപ്പോൾ നിങ്ങൾ അനുഭവം ചെയ്യുന്നുണ്ട,് നമ്മൾ ആദ്യം നോളേജ് എടുത്തിരുന്നു, പക്ഷേ ഒന്നും അറിയില്ലായിരുന്നു. ചെറിയ കുട്ടികളിൽ ജ്ഞാനമുണ്ടാവില്ല, മാത്രമല്ല ഒരു അവഗുണങ്ങളുമുണ്ടാവില്ല, അതുകൊണ്ടാണ് അവരെ മഹാത്മാവെന്നു പറയുന്നത്. കാരണം പവിത്രമാണ്. എത്രത്തോളം ചെറിയ കുട്ടിയാണോ, അത്രയും നമ്പർവൺ പുഷ്പമാണ്. തീർത്തും കർമ്മാതീത അവസ്ഥയാണ്. കർമ്മത്തെയോ വികർമ്മത്തെയോ ഒന്നും അറിയുന്നില്ല. സ്വയത്തെ മാത്രമെ അറിയുകയുള്ളൂ. അവർ പുഷ്പമായതുകൊണ്ട് എല്ലാവരെയും ആകർഷിക്കുന്നു. ഇപ്പോൾ നിങ്ങളെ ബാബ ആകർഷിക്കുന്നത് പോലെ. ബാബ വന്നിരിക്കുന്നതു തന്നെ എല്ലാവരെയും പൂവാക്കി മാറ്റാനാണ്. നിങ്ങളിൽ ചിലരിൽ വളരെ മോശമായ മുള്ളുകളുമുണ്ട്. 5 വികാരങ്ങൾ മുള്ളുകളല്ലേ!. ഈ സമയം നിങ്ങൾക്ക് പൂക്കളുടെയും മുള്ളുകളുടെയും ജ്ഞാനമുണ്ട്. മുള്ളുകളുടെ കാടുമുണ്ട്. ചില വൃക്ഷത്തിന്റെ മുള്ള് വളരെ വലുതായിരിക്കും. ആ മുളളുകൾകൊണ്ടും ഒരുപാട് വസ്തുക്കൾ ഉണ്ടാക്കുന്നുണ്ട്. മനുഷ്യരുമായി മുള്ളിനെ താരതമ്യപ്പെടുത്താറുണ്ട്. ബാബ മനസ്സിലാക്കി തരുന്നു, ഈ സമയം വളരെ ദുഃഖം നൽകുന്ന മുള്ളുകളാണ് മനുഷ്യർ. അതുകൊണ്ടാണ് ഇതിനെ ദുഃഖത്തിന്റെ ലോകമെന്ന് പറയുന്നത്. പറയുന്നുമുണ്ട്, ബാബ സുഖദാതാവാണെന്ന്. മായയാകുന്ന രാവണൻ ദുഃഖത്തിന്റെ ദാതാവാണ്. സത്യയുഗത്തിൽ മായയാകുന്ന രാവണനില്ലെങ്കിൽ പിന്നെ ഈ ദുഃഖത്തിന്റെ കാര്യങ്ങളൊന്നുമുണ്ടാവില്ല. ഡ്രാമയിൽ ഒരു പാർട്ട് രണ്ടു തവണ ഉണ്ടാവില്ല. മുഴുവൻ ലോകത്തിലും ഏതെല്ലാം പാർട്ടാണോ അഭിനയിച്ചുവരുന്നത്, അതെല്ലാം പുതിയതാണ് എന്ന് ബുദ്ധിയിലുണ്ട്. നിങ്ങൾ ചിന്തിച്ചുനോക്കൂ-സത്യയുഗം മുതൽ ഈ കലിയുഗം വരെ ദിവസങ്ങൾ മാറുന്നു, കർമ്മങ്ങളിൽ മാറ്റമുണ്ടാകുന്നു. അയ്യായിരം വർഷത്തിന്റെ മുഴുവൻ കർമ്മങ്ങളുടെ കണക്കും ആത്മാവിലുണ്ട്, അതിനെ മാറ്റാൻ സാധിക്കില്ല. ഓരോ ആത്മാവിലും അവനവന്റെ പാർട്ട് അടങ്ങിയിട്ടുണ്ട്. ഈ ഒരു കാര്യം പോലും ആർക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇപ്പോൾ ആദി-മദ്ധ്യ-അന്ത്യത്തെ നിങ്ങൾ മനസ്സിലാക്കുന്നു. ഇത് സ്ക്കൂളാണല്ലോ. സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ചറിയാനും ബാബയെ ഓർമ്മിച്ച് പവിത്രമായി മാറാനുമുള്ള പഠിപ്പാണ് ഇത്. ഇതിനു മുമ്പ് അറിയുമായിരുന്നോ- നമുക്ക് ഇതായി മാറണമെന്ന്? ബാബ എത്ര വ്യക്തമായാണ് മനസ്സിലാക്കി തരുന്നത്. നിങ്ങൾ ആദ്യ നമ്പറിൽ ദേവതയായിരുന്നു. പിന്നീട് താഴേക്കിറങ്ങി ഇറങ്ങി ഇപ്പോൾ എന്തായി മാറിയിരിക്കുന്നു. ലോകത്തെ നോക്കൂ, എന്തായി മാറിയിരിക്കുകയാണ്! എത്രയധികം മനുഷ്യരാണ്. ഈ ലക്ഷ്മീ-നാരായണന്റെ രാജധാനിയെക്കുറിച്ച് ചിന്തിക്കൂ- എന്തായിരിക്കും! ഇവർ വസിക്കുന്ന സ്ഥലത്ത് എത്ര വജ്രങ്ങളുടെയും വൈഢൂര്യങ്ങളുടെയും കൊട്ടാരങ്ങളായിരിക്കും. ബുദ്ധിയിൽ വരുന്നുണ്ട്- ഇപ്പോൾ നമ്മൾ സ്വർഗ്ഗവാസിയായി മാറുകയാണ്. അവിടെ നമ്മൾ നമ്മുടെ കെട്ടിടമെല്ലാം ഉണ്ടാക്കും. ശാസ്ത്രങ്ങളിൽ കാണിച്ചിരിക്കുന്നതുപോലെ താഴെ നിന്ന് ദ്വാരക ഉയർന്നു വരുമെന്നല്ല. ശാസ്ത്രം എന്ന പേരു തന്നെയാണ് ഉപയോഗിക്കുന്നത്, മറ്റൊരു പേരും വെയ്ക്കാൻ സാധിക്കില്ല. പഠിക്കാനുള്ള മറ്റു പുസ്തകങ്ങളുമുണ്ട്. പിന്നീടുള്ളത് നോവലുകളാണ്. ബാക്കിയുള്ളതിനെ പുസ്തകം അഥവാ ശാസ്ത്രം എന്നാണ് പറയുന്നത്. അതാണ് പഠിക്കാനുള്ള പുസ്തകം. ശാസ്ത്രങ്ങൾ പഠിക്കുന്നവരെ ഭക്തരെന്നാണ് പറയുന്നത്. ഭക്തിയും ജ്ഞാനവും രണ്ടു വസ്തുക്കളാണ്. ഇപ്പോൾ വൈരാഗ്യം എന്തിനോടാണ്? ഭക്തിയോടാണോ ജ്ഞാനത്തിനോടാണോ? തീർച്ചയായും ഭക്തിയോടാണെന്നേ പറയുകയുള്ളൂ. ഇപ്പോൾ നമുക്ക് ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുകയാണ്, ഈ ജ്ഞാനത്തിലൂടെ നിങ്ങൾ ഇത്രയും ഉയർന്നതായി മാറുന്നു. ഇപ്പോൾ ബാബ നിങ്ങളെ സുഖദായിയാക്കി മാറ്റുന്നു. സുഖധാമത്തെ തന്നെയാണ് സ്വർഗ്ഗമെന്നു പറയുന്നത്. നിങ്ങളാണ് സുഖധാമത്തിലേക്കു പോകുന്നത്, അതുകൊണ്ട് നിങ്ങളെ തന്നെയാണ് പഠിപ്പിക്കുന്നത്. ഈ ജ്ഞാനവും നിങ്ങൾ ആത്മാക്കളാണ് എടുക്കുന്നത്. ആത്മാവിന് ഒരു ധർമ്മവുമില്ല. ആത്മാവ്, ആത്മാവ് തന്നെയാണ്. പിന്നീട് ആത്മാവ് ശരീരത്തിലേക്കു വരുമ്പോൾ ശരീരത്തിന്റെ ധർമ്മം വേറെയാകുന്നു. ആത്മാവിന്റെ ധർമ്മമെന്താണ്? ഒന്ന്, ആത്മാവ് ബിന്ദു സമാനമാണ്. മറ്റൊന്ന് ശാന്തസ്വരൂപവുമാണ്. ശാന്തിധാമത്തിൽ അഥവാ മുക്തിധാമത്തിലാണ് വസിക്കുന്നത്. ഇപ്പോൾ ബാബ മനസ്സിലാക്കി തരുന്നു-എല്ലാം കുട്ടികളുടെ അവകാശമാണ്. ഒരുപാട് കുട്ടികൾ മറ്റു ധർമ്മങ്ങളിലേക്കെല്ലാം മാറിയിട്ടുണ്ട്. പിന്നീട് അവർ അതിൽ നിന്ന് തന്റെ യഥാർത്ഥ ധർമ്മത്തിലേക്ക് വരും. ആരെല്ലാമാണോ ദേവി-ദേവതാ ധർമ്മം വിട്ട് മറ്റു ധർമ്മത്തിലേക്കെല്ലാം പോയിട്ടുള്ളത്, ആ ഇലകളെല്ലാം അവനവന്റെ സ്ഥാനത്തേക്ക് തിരിച്ചുവരും. ഈ കാര്യങ്ങളെയൊന്നും മറ്റാർക്കും മനസ്സിലാക്കാൻ സാധിക്കില്ല. ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം, ഇതിൽ തന്നെയാണ് എല്ലാവർക്കും ആശയക്കുഴപ്പമുള്ളത്. നിങ്ങൾ കുട്ടികൾക്കറിയാം നമ്മളെ ആരാണ് പഠിപ്പിക്കുന്നതെന്ന്? ബാബയാണ് പഠിപ്പിക്കുന്നത്. കൃഷ്ണനാണെങ്കിൽ ദേഹധാരിയാണ്. ഈ ബ്രഹ്മാവിനെ ദാദ എന്നാണ് വിളിക്കുന്നത്. എല്ലാവരും സഹോദരന്മാരാണല്ലോ. പിന്നീടെല്ലാം പദവിയുടെ ആധാരത്തിലാണ്. ഇത് സഹോദരന്റെ ശരീരമാണ്, ഇത് സഹോദരിയുടെ ശരീരമാണ്. ഇതെല്ലാം ഇപ്പോഴാണ് നിങ്ങൾക്കറിയുന്നത്. ആത്മാവ് ഒരു ചെറിയ നക്ഷത്രമാണ്. ഇത്രയും ജ്ഞാനം ഒരു ചെറിയ നക്ഷത്രത്തിലാണുള്ളത്. നക്ഷത്രത്തിന് ശരീരമില്ലാതെ സംസാരിക്കാൻ പോലും സാധിക്കില്ല. നക്ഷത്രത്തിന് പാർട്ടഭിനയിക്കുന്നതിനുവേണ്ടി അവയവങ്ങളും വേണം. നക്ഷത്രത്തിന്റെ ലോകം തന്നെ വേറെയാണ്. പിന്നീട് ഇവിടെ വന്നിട്ടാണ് ആത്മാവ് ശരീരമെടുക്കുന്നത്. പരലോകം ആത്മാക്കളുടെ വീടാണ്. ആത്മാവ് ചെറിയ ബിന്ദുവാണ്. ശരീരം വലുതാണ്. അതുകൊണ്ട് ശരീരത്തെ എത്രയാണ് ഓർമ്മിക്കുന്നത്! ഇപ്പോൾ നിങ്ങൾക്ക് ഓർമ്മിക്കേണ്ടത് ഒരു പരംപിതാപരമാത്മാവിനെയാണ്. ആത്മാക്കളുടെയും പരമാത്മാവിന്റെയും മിലനമാണുണ്ടാകുന്നത്. പരമാത്മാവ് തന്നെയാണ് സത്യം. ആത്മാക്കളും പരമാത്മാവും ഒരുപാട് കാലം വേറിട്ടിരുന്നു...... എന്ന മഹിമയും പാടാറുണ്ട്. നമ്മൾ ബാബയിൽ നിന്ന് വേറിട്ടിരുന്നില്ലേ. എത്ര സമയം വേറിട്ടിരുന്നു എന്ന് ഓർമ്മ വരുന്നുണ്ടോ! കല്പ-കല്പം ബാബ എന്താണോ കേൾപ്പിച്ചത്, അതു തന്നെയാണ് വന്ന് കേൾപ്പിക്കുന്നത്. ഇതിൽ അല്പം പോലും വ്യത്യാസമുണ്ടാകാൻ സാധിക്കില്ല. ഓരോ സെക്കന്റിലും നടക്കുന്ന അഭിനയമെല്ലാം പുതിയതാണ്. ഒരു സെക്കന്റ്, ഒരു മിനിറ്റ് കടുന്നുപോകുന്നു. അപ്പോൾ പറയും- ഇത്ര വർഷം, ദിവസം, മിനിറ്റ്, സെക്കന്റ് കടന്നാണ് വന്നിരിക്കുന്നതെന്ന്. അയ്യായിരം വർഷം പൂർണ്ണമാകുമ്പോൾ പിന്നീട് ആദ്യം മുതൽ ആരംഭിക്കും. കൃത്യമായ കണക്കാണല്ലോ. മിനിറ്റും സെക്കന്റുമെല്ലാം കുറിച്ചു വെയ്ക്കുന്നു. ഇപ്പോൾ നിങ്ങളോട് ചോദിക്കുകയാണ്-ഇവർ എപ്പോഴാണ് ജന്മമെടുത്തത്? നിങ്ങൾ എണ്ണിപ്പറഞ്ഞുകൊടുക്കുന്നു. കൃഷ്ണൻ ആദ്യത്തെ നമ്പറിൽ ജന്മമെടുത്തിരുന്നു. എന്നാൽ ശിവ അവതരണത്തിന്റെ മിനിറ്റും, സെക്കന്റിന്റെയൊന്നും കണക്കെടുക്കാൻ സാധിക്കില്ല. കൃഷ്ണന്റെ തീയ്യതിയും മാസവുമെല്ലാം പൂർണ്ണമായും എഴുതിവെച്ചിട്ടുണ്ട്. മനുഷ്യരുടെ ക്ലോക്കിൽ മിനിറ്റിന്റെയോ, സെക്കന്റിന്റെയോ വ്യത്യാസമുണ്ടാകാം. ശിവബാബയുടെ അവതരണത്തിൽ അല്പം പോലും വ്യത്യാസമുണ്ടാകില്ല. എപ്പോൾ വന്നു എന്ന് അറിയാൻ സാധിക്കില്ല! സാക്ഷാത്കാര മുണ്ടായപ്പോഴാണ് വന്നത്, അങ്ങനെയുമല്ല. ഒരു ഏകദേശം പറയുന്നു, ഇന്ന സമയത്ത് പ്രവേശിച്ചു എന്നല്ല. സാക്ഷാത്കാരമുണ്ടായി നമ്മൾ ഇന്നതായി മാറും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സുഖധാമത്തിലേക്കു പോകുന്നതിനുവേണ്ടി സുഖദായിയായി മാറണം. എല്ലാവരുടെയും ദുഃഖത്തെ ഹരിച്ച് സുഖം കൊടുക്കണം. ഒരിക്കലും ദുഖം നൽകുന്ന മുള്ളായി മാറരുത്.

2. ഈ വിനാശിയായ ശരീരത്തിൽ ആത്മാവിന് തന്നെയാണ് വളരെയധികം മൂല്യമുള്ളത്, ആത്മാവ് തന്നെയാണ് അമരനും അവിനാശിയും. അതിനാൽ അവിനാശിയായ വസ്തുവിനോട് സ്നേഹം വെയ്ക്കണം. ദേഹബോധം ഇല്ലാതാക്കണം.

വരദാനം :-
നിങ്ങളുടെ അനാദി ആദി സ്വരൂപത്തിന്റെ സ്മൃതിയിലൂടെ ബന്ധനങ്ങളിൽ നിന്ന് മുക്തരാകുകയും മറ്റുള്ളവരെ ആക്കുകയും ചെയ്യുന്ന മർജ്ജീവയായി ഭവിക്കട്ടെ.

ബാബ ലോൺ എടുക്കുന്നുണ്ട്, ബന്ധനത്തിൽ വരുന്നില്ല. അതുപോലെ മർജ്ജീവ ജന്മമെടുത്ത കുട്ടികളായ നിങ്ങൾ ശരീരത്തിന്റെ സംസ്ക്കാരങ്ങളുടെയും സ്വഭാവങ്ങളുടെയും ബന്ധനങ്ങളിൽ നിന്ന് മുക്തരാകൂ, എപ്പോൾ എവിടെ എങ്ങനെ ആഗ്രഹിക്കുന്നത് പോലെ സംസ്ക്കാരം ഉണ്ടാക്കാൻ കഴിയും. ബാബ ബന്ധങ്ങളിൽ നിന്ന് മുക്തമായിരിക്കുന്നതു പോലെ ബന്ധങ്ങൾ ഇല്ലാത്തവരാകൂ. മൂലവതനത്തിന്റെ അവസ്ഥയിൽ സ്ഥിതി ചെയ്തതിനു ശേഷം പിന്നീട് താഴേക്ക് വരുക. തന്റെ അനാദി ആദി സ്വരൂപത്തിന്റെ സ്മൃതിയിലിരിക്കൂ, അവതരിച്ച ആത്മാവാണെന്നു മാനസിലാക്കി കർമ്മം ചെയ്താൽ മറ്റുള്ളവർ നിങ്ങളെ പിന്തുടരും.

സ്ലോഗന് :-
ഓർമ്മയുടെ വൃത്തിയിലൂടെ വായുമണ്ഡലം ശക്തമാക്കണം ഇതാണ് മനസ്സാ സേവനം.

അവ്യക്ത സൂചന- ഈ അവ്യക്ത മാസത്തിൽ ബന്ധന മുക്തരായിരുന്ന് ജീവൻ മുക്ത സ്ഥിതിയുടെ അനുഭവം ചെയ്യൂ.

ഏതെങ്കിലും പ്രകാരത്തിലുള്ള ആസക്തി ഉള്ളിടത്തോളം, അത് സങ്കല്പത്തിന്റെ രൂപത്തിലായാലും, സംബന്ധത്തിന്റെ രൂപത്തിലായാലും, സമ്പർക്കത്തിലായാലും, തന്റെ ഏതെങ്കിലും വിശേഷതയിലേക്കായാലും. ഏതൊരു ആസക്തിയും നിങ്ങളെ ബന്ധത്തിലാക്കും. ആ ആസക്തി നിങ്ങളെ അശരീരിയാകാൻ അനുവദിക്കില്ല, അതിന് നിങ്ങളെ വിശ്വ കല്യാണകാരി ആക്കാനും കഴിയില്ല.അതിനാൽ ആദ്യം സ്വയം ആസക്തിയിൽ നിന്ന് മുക്തനാകുക, അപ്പോൾ ലോകത്തിനു മുക്തിയുടെയും ജീവന്മുക്തിയുടെയും സമ്പത്ത് നൽകാൻ കഴിയും.